മുംബയ്: മുംബയ്-അഹമ്മദാബാദ് ദേശീയപാത എൻഎച്ച് 48ലെ ഗതാഗതക്കുരുക്ക് അഞ്ചാം ദിവസവും തുടരുന്നു. മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നതിനൊപ്പം വലിയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നു. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾ കുരുക്കിൽപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്.
താനെയിലെ ഗായമുഖ് ഘാട്ടുകളിലെ റോഡുപണികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇവിടെ മൂന്ന് ദിവസത്തേക്ക് ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾക്കിടയിലും നിരവധി ട്രക്കുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ ഇതുവഴി കടന്നുപോയകുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇതേതുടർന്ന് യാത്രക്കാർ അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. അത്യാവശ്യ വാഹനങ്ങൾക്കു പോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ.
എൻഎച്ച്48 ലെ ഗതാഗതക്കുരുക്ക് പുതിയ സംഭവമല്ല. കഴിഞ്ഞ എട്ട് വർഷമായി ഈ പാതയിലെ യാത്രക്കാർ സമാനമായ ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. വഴ്സോവ പാലത്തിന്റെ അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമ്മാണവുമാണ് രണ്ട് മൂന്ന് വർഷത്തേക്ക് തുടർച്ചയായ ഗതാഗതക്കുരുക്കിന് കാരണമായത്.
മൺസൂൺ മഴ കഴിഞ്ഞ് റോഡുകൾ തകരുന്നതും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. കോൺക്രീറ്റ് പാതയായി നവീകരിക്കാൻ സർക്കാർ 600 കോടി രൂപ ചെലവഴിച്ചിട്ടും യാത്രാക്ലേശം തുടരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 48 സാമ്പത്തിക പാതയാണ്. മുംബയ്, താനെ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എക്‌സ്‌പ്രസ്‌വേകളും തുരങ്കങ്ങളും മെട്രോ പദ്ധതികളും അതിവേഗം പൂർത്തിയാകുമ്പോൾ ഈ പാത ദിനംപ്രതി യാത്രക്കാരെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നത്.
മുംബയ്-ഡൽഹി എക്സ്പ്രസ് വേ യാഥാർത്ഥ്യമായാൽ എൻഎച്ച്48 ലെ തിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. എന്നാൽ ഈ പദ്ധതിയുടെ നിർമ്മാണം മന്ദഗതിയിലാണ്. അതേസമയം ദിവസേനയുള്ള ഗതാഗതക്കുരുക്ക് പരിസ്ഥിതി മലിനീകരണം, ഇന്ധന നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയ്ക്കും കാരണമാകുന്നുണ്ട്. ഹൈവേയോരത്തെ വ്യാപാര സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |