ന്യൂഡൽഹി: മഹാമുന്നണിയിൽ ആർ.ജെ.ഡിയും കോൺഗ്രസുമാണ് മുഖ്യ കക്ഷികളെങ്കിലും സീറ്റ് ചർച്ച അനിശ്‌ചിതമായി നീളാൻ കാരണം ചെറു ഘടകകക്ഷിയായ വികാസ് ശീൽ ഇൻസാൻ പാർട്ടിയും(വി.ഐ.പി) അതിന്റെ നേതാവ് മുകേഷ് സാഹാനിയുമാണ്. ആർ.ജെ.ഡിയും കോൺഗ്രസും കൂടുതൽ സീറ്റുകൾ വീതിച്ചെടുക്കുമ്പോൾ തന്റെ പങ്ക് കുറയരുതെന്ന് മുകേഷ് വാശി പിടിച്ചു.
രാഷ്‌ട്രീയത്തിൽ വരും മുൻപ് ബോളിവുഡിലെ സെറ്റ് ഡിസൈനർ ആയിരുന്ന 44കാരൻ മുകേഷ് സാഹാനിയുടെ ഡിസൈനിംഗ് ഇപ്പോൾ ബീഹാർ രാഷ്‌ട്രീയത്തിലും നിർണായകം. ജാതി രാഷ്‌ട്രീയം നിർണായകമായ ബീഹാറിൽ ഏതെങ്കിലും സമുദായത്തിന്റെ പിന്തുണയുള്ള നേതാക്കളെ പിണക്കാൻ വലിയ പാർട്ടികൾ മടിക്കും. ഇതാണ് മുകേഷിനും പിടിവള്ളി.
നിഷാദ് സമുദായത്തിന്റെ ഉപവിഭാഗമായ മത്സ്യബന്ധനം തൊഴിലാക്കിയ മല്ല ജാതിയിൽ നിന്നുള്ള നേതാവാണ് മുകേഷ്. യു.പിയിലും ബീഹാറിലും സാന്നിദ്ധ്യമുള്ള നിഷാദ്, മല്ല, സഹാനി സമുദായക്കാരാണ് (ജനസംഖ്യയുടെ ഏതാണ്ട് 9%) മുകേഷിന്റെ വോട്ടുബാങ്ക്. ബീഹാർ വോട്ടർമാരിൽ ഏകദേശം 30 ശതമാനം വരുന്ന അതി പിന്നാക്ക വിഭാഗങ്ങൾക്കിടയിലും സ്വാധീനം. ഇതുവരെ ഒരു തിരഞ്ഞെടുപ്പു പോലും വിജയിച്ചിട്ടില്ലെങ്കിലും, ബീഹാർ രാഷ്ട്രീയത്തിൽ മുകേഷ് നിഷേധിക്കാനാകാത്ത ശക്തിയാണ്.
നരേന്ദ്രമോദിയുടെ പ്രീതി പറ്റിയ മുകേഷ് 2014ൽ ബി.ജെ.പിക്കായി പ്രവർത്തിച്ചു. നിഷാദ് വിഭാഗത്തിന് പട്ടികജാതി പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിട്ട് 2015ൽ വികാസ് ശീൽ പാർട്ടിയുണ്ടാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാമുന്നണിക്കൊപ്പം. ഖഗാരി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച മുകേഷ് തോറ്റു. 2020 ഒക്ടോബറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പത്രസമ്മേളന വേദിയിൽ നിന്ന് വാക്കൗട്ട് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് വീണ്ടും എൻ.ഡി.എയിൽ. അവിടെ നാലു സീറ്റ് ലഭിച്ചെങ്കിലും അന്നും ജയിക്കാനായില്ല. എങ്കിലും എം.എൽ.സിയാക്കി നിതീഷ് കുമാർ സർക്കാരിൽ മന്ത്രി പദം നൽകി. ബി.ജെ.പിയുമായുള്ള ബന്ധം വഷളായതിന്റെ പേരിൽ 2022ൽ മന്ത്രിസഭയിൽ നിന്ന് പുറത്ത്. പാർട്ടിയിലെ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. തങ്ങൾ ആവശ്യപ്പെട്ട സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മുന്നണി വിടുമെന്ന ഭീഷണിയിലാണ് മുകേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |