'തെറ്റുകൾ മനുഷ്യസഹജവും ക്ഷമിക്കുന്നത് ദൈവികവും" എന്ന വിഖ്യാതവചനം ആംഗലേയ കവി അലക്സാണ്ടർ പോപ്പിന്റേതാണ്. പക്ഷേ, ചില തെറ്റുകളുടെ പ്രത്യാഘാതം അനേകായിരങ്ങളെ ബാധിക്കുന്നതാകുമ്പോൾ അതിന് ക്ഷമ മാത്രം പോരാ, ഉചിതമായ തിരുത്തും വേണ്ടിവരും. അതുണ്ടാകുമ്പോഴാണ്, മൗഢ്യത്തിൽ നിന്നുണ്ടായ തെറ്റിനു വരുത്തിയ തിരുത്ത് 'മഹനീയം" കൂടി ആയിത്തീരുന്നത്. പഠനവൈകല്യമുള്ള കുട്ടികൾക്ക് അർഹമായ പരീക്ഷാ സഹായം കിട്ടണമെങ്കിൽ, അതൊരു ആജീവനാന്ത വൈകല്യമാണെന്ന് വിദ്യാർത്ഥിയും രക്ഷിതാക്കളും അദ്ധ്യാപകരും ഒപ്പിട്ടു നല്കണമെന്ന ഒരു വിചിത്ര പരിഷ്കാരം 'സമഗ്രശിക്ഷാ കേരളം" അധികൃതർ ഏർപ്പെടുത്തിയതിന്റെ തൊന്തരവുകൾ കഴിഞ്ഞ ദിവസമാണ് 'കേരളകൗമുദി" ചൂണ്ടിക്കാട്ടിയത്. ലേഖകൻ അരുൺ പ്രസന്നൻ തയ്യാറാക്കിയ ആ പ്രത്യേക റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടയുടൻ വിവാദ ഉത്തരവ് സർക്കാർ തിരുത്തുകയും പുതിയ അപേക്ഷാഫാറം പുറത്തിറക്കുകയും ചെയ്തത് അങ്ങേയറ്റം ഉചിതവും മാതൃകാപരവുമായി. അതോടെ, പഠന വൈകല്യം നേരിടുന്ന നൂറുകണക്കിനു കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ശമനമാവുകയും ചെയ്തു.
പഠന വൈകല്യങ്ങൾ അഥവാ 'ലേണിംഗ് ഡിസെബിലിറ്റീസ്" എന്ന അവസ്ഥ നേരിടുന്ന കുട്ടികൾ ഏറ്റവും പ്രയാസം അനുവഭവിക്കേണ്ടിവരുന്നത് പരീക്ഷകൾ എഴുതേണ്ടിവരുമ്പോഴാണ്. കാഴ്ച പരിമിതി ഉൾപ്പെടെയുള്ളവ നേരിടുന്ന കുട്ടികളുടെ സ്ഥിതിയും ഇതുതന്നെ. ആർജ്ജിച്ച അറിവുകൾ പോലും ഉത്തരക്കടലാസിൽ തൃപ്തികരമായി എഴുതുന്നതിനുള്ള ഇത്തരം വിദ്യാർത്ഥികളുടെ പരിമതി പരിഗണിച്ചാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഇവർക്ക് ഒരു സഹായിയെയോ, കാഴ്ചപരിമിതിയുള്ളവർക്ക് സ്ക്രൈബിനെയോ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള സഹായങ്ങൾക്ക് വ്യവസ്ഥയുണ്ടായത്. പക്ഷേ, ഇതിന് കുട്ടിയുടെ ഇന്റലിജൻസ് ക്വാഷ്യന്റ് (ഐ.ക്യു), സോഷ്യൽ ക്വാഷ്യന്റ് (എസ്.ക്യു) എന്നിവ മെഡിക്കൽ ബോർഡ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഈ സർട്ടിഫിക്കറ്റ് സഹിതമാണ് പരീക്ഷാസഹായത്തിന് അപേക്ഷിക്കേണ്ടത്. പക്ഷേ, അപേക്ഷയിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വൈകല്യം ആജീവനാന്ത വൈകല്യമാണെന്ന് കുട്ടിയും രക്ഷിതാവും അദ്ധ്യാപകനും ഒപ്പിട്ടു നല്കണമെന്നതായിരുന്നു പുതിയ വ്യവസ്ഥ!
പഠന വൈകല്യങ്ങൾ നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. എഴുതുമ്പോൾ ഒരു പ്രത്യേക അക്ഷരത്തിനു പകരം മറ്റൊരു അക്ഷരം എഴുതുക, അക്ഷരങ്ങളുടെ സ്ഥാനം മാറിപ്പോവുക, ഗണിതക്രിയകളിൽ മോശമാവുക, ഗ്രാഫ് നിർമ്മിതി പോലുള്ളവയിൽ വൈദഗ്ദ്ധ്യം പുലർത്താനാകാതിരിക്കുക തുടങ്ങിയവയൊക്കെ പഠന വൈകല്യങ്ങളിൽ വരുന്ന പ്രശ്നങ്ങളാണ്. പണ്ടുകാലത്ത് ഇതൊക്കെ കുട്ടികളുടെ മണ്ടത്തരമായാണ് കരുതപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ പഠന വൈകല്യങ്ങൾക്ക് ശാസ്ത്രീയമായ പരിഹാര മാർഗങ്ങളുണ്ട്. മാത്രമല്ല, പ്രശ്നം നേരിടുന്ന കുട്ടികൾക്ക് നേരത്തേ പറഞ്ഞതു പോലെ പരീക്ഷാഹാളിൽ ലഭ്യമാകുന്ന സഹായങ്ങൾക്കു പുറമേ, അവരെ കുരുക്കിലാക്കുന്ന ചില പ്രത്യേക ഇനം ഗണിത ചോദ്യങ്ങൾ ഒഴിവാക്കി നല്കാനും വ്യവസ്ഥയുണ്ട്. പഠനകാലയളവിൽ തിരിച്ചറിയപ്പെടുകയും ഭൂരിഭാഗം പേരിലും ശാസ്ത്രീയ ചികിത്സയും പരിശീലനവുംകൊണ്ട് പരിഹരിക്കപ്പെടുകയും ചെയ്യുന്ന വൈകല്യങ്ങളെയാണ് 'ആജീവനാന്ത വൈകല്യ"മായി സാക്ഷ്യപ്പെടുത്തണമെന്ന് ചില ഉദ്യോഗസ്ഥ വിദഗ്ദ്ധന്മാർ ഉത്തരവിറക്കിയത്!
സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ- ഓർഡിനേറ്റർമാരുടേതായാണ് നിർദ്ദേശം പുറത്തുവന്നതെങ്കിലും, സംസ്ഥാനതലത്തിൽ അത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഡയറക്ടർ ഡോ.എ.ആർ. സുപ്രിയയുടെ വിശദീകരണം. ഇത് ഉത്തരവായി വന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും ഡയറക്ടർ പറഞ്ഞിട്ടുണ്ട്. പുതിയ പരിഷ്കാരം അനുസരിച്ച് സത്യവാങ്മൂലം നല്കിയാൽ അത് പിന്നീട് കുട്ടിക്ക് ജോലി ലഭിക്കുന്നതിനും, ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുമൊക്കെ തടസമാകും എന്നതായിരുന്നു ആശങ്ക. വൈകല്യവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്ക് ചെയ്യപ്പെടുന്നതോടെ, ഇതൊരു 'ആജീവനാന്ത കെണി"യായി മാറുകയും ചെയ്യുമായിരുന്നു. എന്തായാലും ഉത്തരവ് റദ്ദാക്കുകയും, പുതിയ അപേക്ഷാഫാറം പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ അത്തരം ആശങ്കകൾക്കെല്ലാം അറുതിയായെന്ന് ആശ്വസിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |