
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പ് താളംതെറ്റിച്ച് ഹയർ സെക്കൻഡറി, ഹൈസ്കൂൾ പരീക്ഷകൾ. ഭിന്നശേഷിക്കാർ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സ്ക്രൈബുകളെ (പകരം എഴുത്തുകാരെ) ലഭിക്കാത്തതാണ് പ്രതിസന്ധി. ഹയർ സെക്കൻഡറി പരീക്ഷകളിൽ എഴുതാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ക്രൈബുകളായി എത്തുന്നത് ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികളാണ്. എന്നാൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെ ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയും നിശ്ചയിച്ചതോടെ, ഹൈസ്കൂൾ കുട്ടികൾക്ക് സ്ക്രൈബുകളായി വരാൻ കഴിയില്ല.
സഹായം അർഹിക്കുന്നവരുടെ ആശങ്ക
കാഴ്ച പരിമിതിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ സഹായികളെ കണ്ടെത്താനാകാതെ അങ്കലാപ്പിലാണ്. മാർച്ച് ആറിന് പ്ലസ് ടു വിഭാഗത്തിന് ഫിസിക്സ്, സോഷ്യോളജി പരീക്ഷകളുള്ളപ്പോൾ ഒൻപതാം ക്ലാസുകാർക്ക് ഒന്നാം ഭാഷാ പരീക്ഷയുണ്ട്. മാർച്ച് 10 ന് കെമിസ്ട്രി, ഹിസ്റ്ററി തുടങ്ങിയ പ്രധാന പരീക്ഷകൾക്കൊപ്പം ഒൻപതാം ക്ലാസ് രണ്ടാം പേപ്പർ പരീക്ഷയും നടക്കുന്നു.
ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണാറുണ്ടായിരുന്നതാണ്. ഇത്തവണ അതുണ്ടായില്ല. സ്ക്രൈബുകളെ ലഭിക്കാത്തത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കും. അതിനാൽ ഒൻപതാം ക്ലാസ് പരീക്ഷാ തീയതികൾ അടിയന്തരമായി പുനഃക്രമീകരിക്കണം.
സാബു നീലകണ്ഠൻ
ജില്ലാ സെക്രട്ടറി
കെ.പി.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |