ബംഗളൂരു: യൂലിയ അസ്‌ലമോവ എന്ന റഷ്യൻ പ്രവാസി പങ്കുവച്ച ഇൻസ്‌റ്റഗ്രാം റീൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ബംഗളൂരിൽ തന്റെ മകൾ എലീനയെ പരിപാലിക്കുന്ന വീട്ടുജോലിക്കാരിക്ക് 45000 രൂപ ശമ്പളം നൽകുന്നുണ്ടെന്ന് വീഡിയോയിൽ യുവതി പറഞ്ഞത് കേട്ട് സോഷ്യൽ മീഡിയ ഞെട്ടി. വീട്ടുജോലിയോടുള്ള തന്റെ കാഴ്‌ചപ്പാടും യുവതി പങ്കുവച്ചു. ബഹുമാനവും സാമ്പത്തിക വളർച്ചയും അർഹിക്കുന്ന തൊഴിലാണ് വീട്ടുജോലിയെന്ന് യുവതി പറഞ്ഞു.
താനായിട്ട് പോകാൻ പറയാതെ തന്റെ തൊഴിലാളികളിൽ ഒരാൾ പോലും സ്വയം ജോലിനിർത്തി പോയിട്ടില്ല എന്നത് ഏറ്റവും വലിയ അഭിമാനമെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. ഞാൻ അവരെ വളരാൻ അനുവദിക്കുന്നുവെന്നും കാലങ്ങളോളം അവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറയുന്നു.
''20 പേരെ അഭിമുഖം നടത്തിയതിൽ നിന്നാണ് വീട്ടുജോലിക്കാരിയെ തിരഞ്ഞെടുത്തത്. ആദ്യം പാർട് ടൈമായി തിരഞ്ഞെടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ ശമ്പളം പത്ത് ശതമാനം വർദ്ധിപ്പിച്ചു. പിന്നീട് പതിയെ ശമ്പളം വർദ്ധിപ്പിക്കുകയും ജോലി ഫുൾടൈം ആക്കുകയും ചെയ്തു. ഉടൻ അവർ ഡ്രൈവിംഗ് ലൈസൻസ് എടുക്കും. ഇനിമുതൽ മകൾ എലീനയെ സ്കൂളിലേക്ക് കൊണ്ട് പോകുന്നത് അവളുടെ നാനി ആയിരിക്കും'' യുവതി പറയുന്നു
'നല്ല സത്യസന്ധതയും ആത്മാർത്ഥയുമുള്ളവരെ ജോലിക്ക് തിരഞ്ഞെടുക്കണമെന്നാണ് എന്റെ ആഗ്രഹം. പണം വരും പോകും. എന്റെ വീടിനെ നന്നായി നോക്കുന്നവർ എന്റെ കുടുംബത്തിന്റെ ഭാഗമായിത്തീരുമെന്നും മറ്റൊരു പോസ്‌റ്റിൽ യുലിയ കുറിച്ചു.
ഇൻഫോസിസ് പോലുള്ള ടെക്ക് കമ്പനികളിലെ തുടക്കക്കാർക്കു പോലും ഇത്രയധികം ശമ്പളം ലഭിക്കാറില്ലെന്ന് പലരും പോസ്‌റ്റിനോട് പ്രതികരിച്ചു. അതിന് മറുപടിയായി തന്റെ ആദ്യ ശമ്പളം 35000 രൂപയായിരുന്നെന്ന് യുവതി പറഞ്ഞു. അവരുടെ നാനിയുടെ തുടക്കശമ്പളം 18000 രൂപയായിരുന്നെന്നും നീണ്ട നാളത്തെ പ്രവൃത്തി പരിചയത്തിലൂടെയാണ് ഇന്ന് ഇത്രയും ശമ്പളം അവർവാങ്ങുന്നതെന്നും യുവതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |