സാധുവായ ടിക്കറ്റില്ലാതെ എസി കോച്ചിൽ യാത്ര ചെയ്ത സർക്കാർ സ്‌കൂൾ അദ്ധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എസി കോച്ചിൽ നിന്നിറങ്ങാൻ പറഞ്ഞ ടിടിഇയോട് അദ്ധ്യാപിക തർക്കിക്കുന്നതും അദ്ദേഹത്തിന്റെ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സാധുവായ ടിക്കറ്റ് കൈവശമില്ലാതെ ഫസ്റ്റ് എസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന അമ്മയും മകളുമാണ് വീഡിയോയിലുള്ളത്. ടിടിഇ വന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തോട് തർക്കിക്കുയാണ് അവർ ചെയ്യുന്നത്. തങ്ങൾ സംസാരിക്കുന്നത് റെക്കോർഡുചെയ്തുകൊണ്ട് ടിടിഇ തന്നെ ഉപദ്രവിക്കുകയാണെന്ന് സ്ത്രീ ആരോപിക്കുന്നതും വീഡിയോയിലുണ്ട്.
കൈവശം ടിക്കറ്റ് ഇല്ലെന്ന് ഇവർ സമ്മതിക്കുന്നു. ശുചിമുറി ഉപയോഗിക്കാൻ മാത്രമാണ് താൻ മകളോടൊപ്പം ട്രെയിനിൽ കയറിയതെന്ന് അവർ പറയുന്നു. കൂടാതെ തന്റെ സഹോദരൻ ഒരു ലോക്കോ പൈലറ്റാണെന്നും ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ആ സ്ത്രീ പറയുന്നത്. ഇത് ന്യായീകരിക്കാനെന്നപോലെ അവരുടെ മകൾ ഒരു വീഡിയോ കാണിക്കാൻ ശ്രമിക്കുന്നു. ടിടിഇയോട് പേര് ചോദിക്കുന്നു. ശേഷം ജാതി നാടകം തുടങ്ങി.
'എന്റെ സഹോദരൻ ലോക്കോ പൈലറ്റാണ്, അതിനാൽ ഞാൻ ഫസ്റ്റ് എസിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യും. ഇന്നലെ അത് ഒരു സർക്കാർ സ്‌കൂൾ അദ്ധ്യാപികയായിരുന്നു, ഇന്ന് അത് ഒരു ലോക്കോ പൈലറ്റിന്റെ സഹോദരിയാണ്. സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യൻ റെയിൽവേ അവരുടെ സ്വകാര്യ സ്വത്താണെന്ന് വിശ്വസിക്കുന്നതായി തോന്നുന്നു. ആദ്യം, ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും പിടിക്കപ്പെടുമ്പോൾ ടിടിഇയുമായി തർക്കിക്കുകയും, തുടർന്ന് 'മോശം പെരുമാറ്റം' ആരോപിച്ച് ടിടിഇയെ കളിപ്പിക്കുകയും ചെയ്യുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. തന്റെ സമ്പത്ത് പ്രദർശിപ്പിക്കാൻ അവൾ സ്റ്റാർബക്സിന്റെ മൊബൈൽ കവർ സൂക്ഷിച്ചിട്ടുണ്ട്, പക്ഷേ വെറും 10 രൂപയുടെ ടിക്കറ്റ് വാങ്ങാൻ പോലും പറ്റില്ല'- എന്നാണ് ഒരാൾ കമന്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |