ഹൃദയബദ്ധമായ പ്രകാശത്തിന്റെ വ്യാപനമാണ് ദീപാവലി ആഘോഷം. പദാനു പദാർത്ഥത്തിൽ ദീപങ്ങളുടെ ആവലിയാണ് ദീപാവലി. അതുകൊണ്ടുതന്നെ, ഇതിനെ ദീപങ്ങളുടെ ഉത്സവം എന്ന് വിവക്ഷിക്കാം. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂർത്തത്തെ 'നരകചതുർദ്ദശി" എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത അകറ്റുവാൻ ഈ പ്രകാശധോരണിക്കു കഴിയുമെന്ന മഹനീയ സങ്കല്പത്തിൽ ബാഹ്യമായ അന്ധത മാറണമെങ്കിൽ ആന്തരികമായ അജ്ഞത മാറണം.
ഇരുണ്ട മനസിൽ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് (ന്യായാന്യായ വിവേചനം) നിറയുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നത്. തിന്മയ്ക്കു മേൽ നന്മയുടെ വിജയമായാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ വിശിഷ്ടമായ അമാവാസി ദിവസമാണ് ദീപാവലി വരുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ തപജപ ധ്യാനാദികൾ കൊണ്ടും മറ്റ് പൂജാ, നൃത്ത വിശേഷങ്ങൾകൊണ്ടും ദീപാവലി ആകർഷകമാക്കുന്നതിനൊപ്പം, മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ 'ദീപാവലി"യായും മറ്റു ഭാഷകളിൽ 'ദീവാലി" എന്ന പേരിലും അത്യാർഭാടപൂർവം ഈ ഉത്സവം ആഘോഷിക്കുന്നു.
ഐതിഹ്യം പലവിധം
പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രൻ അയോദ്ധ്യയിൽ തിരിച്ചെത്തിപ്പോൾ നഗരവാസികൾ ആഹ്ളാദാരവങ്ങളോടെ ദീപം തെളിച്ച് ആരതിയുഴിഞ്ഞ് സ്വീകരിച്ച് ആനയിച്ചതിന്റെ ദിവ്യമായ അനുസ്മരണമെന്നോണമാണ് ദീപാവലി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലി ആചരിക്കപ്പെടുന്നുണ്ട്. ജൈനമത സ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതിനായി ഈ വേളയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളും ഉണ്ടാകാറുണ്ട് എന്നത് മറ്റൊരു സവിശേഷതയാണ്.
ദീപാവലി ആഘോഷങ്ങളുടെ തുടക്കം 'ധനത്രയോദശി" ദിവസമാണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസത്തെയാണ് 'ധനത്രയോദശി" എന്നു പറയുന്നത്. ഈ ദിവസം ഗൃഹവും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അലങ്കരിക്കുകയും, വാതില്ക്കൽ രംഗോലി ഇടുകയും ചെയ്യുന്നു . വൈകിട്ട് വിളക്കുവച്ച് ധന- ധാന്യ സ്വരൂപിണിയായ ലക്ഷ്മീദേവിയെ വീട്ടിലേക്ക് ക്ഷണിക്കുകയും സർവാനുഗ്രഹകാരിണിയായ ശ്രീലക്ഷ്മിയെ വിധിപ്രകാരം പൂജിക്കുകയും ചെയ്യുന്നു.
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരകചതുർദ്ദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്. ഉത്തരഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനമായ ലക്ഷ്മീപൂജ ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമായ അമാവാസി നാളിലാണ്. ഈ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നുരൂപങ്ങളായ മഹാലക്ഷ്മി, മഹാ സരസ്വതി, മഹാകാളി എന്നീ രൂപങ്ങളെയും കുബേരനെയും പൂജിക്കുന്നു.
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണ് 'ബലി പ്രതിപദ" ആഘോഷിക്കുന്നത്. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചുകുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും പൊതുവെ എല്ലായിടത്തുമുണ്ട്. കളിമണ്ണു കൊണ്ടോചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യാവലിയെയും പൂജിക്കുക എന്നതിനുമപ്പുറം മനോഹാരിത തുളുമ്പുന്ന വിധത്തിൽ വിളക്കുകൾ നിരനിരയായി കൊളുത്തിവയ്ക്കുന്നത് സർവസാധാരണമാണ് .
ആഘോഷങ്ങളുടെ അഞ്ചാംദിവസം ഭാതൃദ്വിതീയ, ബഹുബീജ് ആഘോഷിക്കുന്നതോടെ ദീപാവലി ആഘോഷങ്ങൾ പരിസമാപ്തിയിലെത്തുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. കാലത്തിന്റെ ദേവനായ യമൻ ഈ ദിവസം സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തെ 'യമ ദ്വിതീയ" എന്നും വിളിക്കുന്നു. സഹോദരീ സഹോദരന്മാർ ചേർന്ന് നിർവഹിക്കുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.
തുലാമാസത്തിലെ ദീപാവലി നാളിൽ ബ്രാഹ്മമുഹൂർത്തത്തിൽത്തന്നെ ഉണർന്ന് ദേഹശുദ്ധി വരുത്തി ദീപംതെളിക്കണം. എണ്ണതേച്ചു കുളി നിർബന്ധമാണ്. ശ്രീകൃഷ്ണൻ സത്യഭാമയോടൊത്തു പോയി നരകാസുരനെ കൊന്നത് ദീപാവലിനാൾ അർദ്ധരാത്രിയിലായിരുന്നു. അതിനുശേഷം പുലർച്ചെ ഗംഗാതീർഥത്തിലെത്തി, തന്റെ ശരീരത്തിൽ പറ്റിയ നരകാസുരന്റെ രക്തംകഴുകിക്കളഞ്ഞുവത്രേ. തുടർന്ന് സത്യഭാമ, ഭഗവാന്റെ ശരീരത്തിലെ മുറിപ്പാടുകളിൽ തൈലം പുരട്ടി തടവി. കുളിയും ദീപാലങ്കാരങ്ങളും അസുരനെ കൊന്നതിലുള്ള സന്തോഷം ദേവന്മാർ പങ്കുവയ്ക്കുന്ന ചടങ്ങായും കരുതപ്പെടുന്നു.
അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിച്ച് ലോകത്തിനു മുഴുവൻ വെളിച്ചം പകരുന്നു എന്ന് പ്രതീകാത്മകമായി തെളിയിക്കുകയാണ് ദീപാവലി. ദീപാവൃതമായ അന്തരീക്ഷത്തി ൽ പ്രാർത്ഥനയും ഗീതവും പൂജയും നൃത്തങ്ങളും കൊണ്ട് അജ്ഞതയും സ്വാർത്ഥവുമായ ഇരുട്ടിനെ അകറ്റി, ആഹ്ളാദചിത്തരായി ദീപാരാധനയും പൂജയും കഴിഞ്ഞുള്ള നിവേദ്യവും മധുരപലഹാരങ്ങളും എല്ലാവർക്കും നൽകി, അവരുടെ സന്തോഷാനുഗ്രഹങ്ങൾകൂടി സ്വീകരിക്കുമ്പോഴാണ് സമർപ്പണ സമ്പൂർത്തി കൈവരുന്നത്. ദീപാവലിയാൽ പ്രപഞ്ചം പ്രകാശ പൂർണമാകുമ്പോൾ സദ്ചിന്തയും കർമ്മശുദ്ധിയുംകൊണ്ട് ഹൃദയം നിറയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |