കൊച്ചി: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ മാസങ്ങളായി വിഹിതമടയ്‌ക്കാതെ 76,907 സ്ഥാപനങ്ങൾ. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2,18,438 സ്ഥാപനങ്ങളിൽ മൂന്നിലൊന്നും വിഹിതം അടയ്‌ക്കാത്തത് സംസ്ഥാന സർക്കാരിന് വരുത്തിയിട്ടുള്ളത് വൻ ബാദ്ധ്യത.
മാസങ്ങളോളം സ്ഥാപനങ്ങൾ വിഹിതം കുടിശികയാക്കിയെങ്കിലും അംഗങ്ങൾക്കുള്ള പെൻഷൻ ഒരു മാസം പോലും കുടിശിക വരുത്താതെ സർക്കാർ നൽകുന്നുണ്ട്. സ്ഥാപനങ്ങൾ കുടിശിക തീർത്തില്ലെങ്കിൽ ക്ഷേമ പെൻഷനും മറ്റാനുകൂല്യങ്ങളും മുടങ്ങാൻ സാദ്ധ്യത.
17,96,451 അംഗങ്ങളുള്ള ബോർഡിൽ 7,736 പേർക്കാണ് 1,600 രൂപ വീതം പ്രതിമാസ പെൻഷൻ വിദ്യാഭ്യാസാനുകൂല്യം, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, ഗർഭം അലസലുമായി ബന്ധപ്പെട്ട ധനസഹായം, ചികിത്സാ സഹായം, മരണാനന്തര ചെലവ്, മരണാനന്തര സഹായം, ക്യാഷ് അവാർഡ് എന്നിവയെല്ലാം നൽകുന്നുണ്ട്. അംശദായമായ 50 രൂപയും തൊഴിലുടമാ വിഹിതമായ 50 രൂപയും ഉൾപ്പെടെ 100 രൂപയാണ് പ്രതിമാസ അടവ്. ഇതിനു പുറമേ വരുന്ന ബാദ്ധ്യതകൾ ബോർഡിന്റെ തനത് ഫണ്ടിൽ നിന്നാണ് ഇപ്പോൾ നൽകുന്നത്.
2016 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ പ്രസവാനുകൂല്യ തുകയായ 15,000 രൂപയിൽ 10,000 രൂപ സർക്കാർ വിഹിതമായി നൽകുന്നുണ്ട്. 2,60,10,000 രൂപയാണ് ഈയിനത്തിൽ സർക്കാർ സഹായമായി ബോർഡിന് ലഭിച്ചത്. ഇതിനു പുറമേ ഗ്രാന്റ് ഇനത്തിൽ 43,06,85,840 രൂപയും സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എറണാകുളം കാക്കനാട് സ്വദേശി രാജുവാഴക്കാലയ്‌ക്ക് വിവാരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണിത്.
അംഗങ്ങൾക്കുള്ള
സഹായങ്ങൾ
സ്‌കോളർഷിപ്പ് --------1,000 മുതൽ 3,500 വരെ
വിവാഹാനുകൂല്യം----------പുരുഷന് 5000, വനിതയ്‌ക്ക് -7,500
പ്രസവാനുകൂല്യം---------- 15,000
ഗർഭം അലസലിന് ----------2,500
ചികിത്സാ സഹായം------10,000
മരണാനന്തര ചെലവ്--------5,000
മരണാനന്തര സഹായം----------5,000 മുതൽ 20,000 വരെ
ക്യാഷ് അവാർഡ്-----------3,000 മുതൽ 7,500 വരെ
അംശദായ തുക തിരികെ നൽകൽ--------- 60 വയസ് തികയുന്നവർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |