മഞ്ചേരി (മലപ്പുറം): എളങ്കൂർ ചാരങ്കാവിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു യുവാവിനെ കഴുത്തറുത്തു കൊന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. വണ്ടൂർ പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെ ചോലയിൽ നീലാണ്ടന്റെ മകൻ പ്രവീൺ (35) ആണ് മരിച്ചത്. ചാരങ്കാവ് കൂമംതൊടി ചുള്ളിക്കുളത്ത് മൊയ്തീൻകുട്ടിയാണ് (35) അറസ്റ്റിലായത്. ചാരങ്കാവ് ടൗണിന് സമീപം ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.
കാടുവെട്ടാനായി യന്ത്രവുമായി ചാരങ്കാവ് അങ്ങാടിക്കു സമീപത്തെ താത്കാലിക ഷെഡ്ഡിനു സമീപം തന്നെ കാത്തുനിന്ന സുഹൃത്ത് സുരേന്ദ്രന് അടുത്തേക്ക് ബൈക്കിൽ എത്തിയപ്പോഴാണ് പ്രവീണിനെ പ്രതി ആക്രമിച്ചത്. പ്രവീണിനെ കാത്തുനിന്ന സുരേന്ദ്രനോട് അവിടെയെത്തിയ പ്രതി കാടുവെട്ട് യന്ത്രം ആവശ്യപ്പെട്ടു. ഷെഡ്ഡിന് സമീപത്തെ കാട് വെട്ടാനാണെന്നും ഉടൻ തിരിച്ചു തരാമെന്നും പറഞ്ഞായിരുന്നു ഇത്.
അപ്പോഴാണ് പ്രവീൺ ബൈക്കിൽ അവിടെയെത്തിയത്. സുരേന്ദ്രനുമായി സംസാരിച്ചു നിൽക്കുമ്പോൾ യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുക്കുകയായിരുന്നു. മറ്റൊരാളെ കൂടി വക വരുത്താനുണ്ടെന്നു പറഞ്ഞ് പ്രതി ഉടൻ അവിടെ നിന്ന് രക്ഷപ്പെട്ടു.
കാരണം അവ്യക്തം
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കൃത്യം നടത്തിയത്. കൊലയ്ക്കു പിന്നിലുള്ള കാര്യമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |