ആലുവ: ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിജയിച്ച വ്യക്തിയായിരുന്നു അന്തരിച്ച ആർ.എസ്.എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോനെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനത്തിൽ സ്മൃതിഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘം പി.ഇ.ബി. മേനോന് ഒരു സംഘടന മാത്രമായിരുന്നില്ല, ഒരു സാധനയായിരുന്നു. സ്വയം സേവകൻ, സംഘചാലകൻ, ഗൃഹസ്ഥൻ, സാമൂഹ്യപ്രവർത്തകൻ, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വിജയിച്ചിരുന്നു. കാര്യകർത്താവ്, സംഘചാലകൻ എങ്ങനെ പ്രവർത്തിക്കണം എന്നതിന് അദ്ദേഹം നമുക്ക് മാർഗദർശിയാണ്.
ജസ്റ്റിസ് എൻ. നഗരേഷ് അദ്ധ്യക്ഷനായി. മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ എസ്. സേതുമാധവൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, ബി.എം.എസ് അഖിലഭാരതീയ കാര്യകാരിയംഗം അഡ്വ.സജി നാരായണൻ, മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി അക്ഷയാത്മാനന്ദ, ഡോ.ജഗദംബിക, ദക്ഷിണകേരളം ഗ്രാമവികാസ് സഹസംയോജകൻ സി.ജി. കമലാകാന്തൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ.എസ്.എസ് ദക്ഷിണകേരള പ്രാന്തസംഘചാലക് പ്രൊഫ.എം.എസ്. രമേശൻ, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു, തന്ത്രവിദ്യാപീഠം എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപാലകൃഷ്ണൻ കുഞ്ഞി, പി.ഇ.ബി മേനോന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ആലുവയിലെ പി.ഇ.ബി. മേനോന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും മോഹൻ ഭാഗവത് കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |