കൊച്ചി: സാമൂഹ്യ മുന്നേറ്റത്തിൽ കേരളം ഒന്നാമതാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പ്രസ്ഥാവന മാത്രമാണെന്ന് മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ് പറഞ്ഞു.
ചട്ടമ്പിസ്വാമിയുടെ സമ്പൂർണ കൃതികൾ സമാഹരിച്ച് കുരുക്ഷേത്ര പബ്ലിക്കേഷൻ രണ്ട് വാല്യങ്ങളിലായി തയ്യാറാക്കിയ 'ചട്ടമ്പിസ്വാമി സാഹിത്യ സർവ്വസ്വം' എന്നഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയുമൊക്കെ പടുത്തുയർത്തിയ സാമൂഹ്യമുന്നേറ്റം കേരളത്തിനുണ്ട്. എന്നാൽ ഇന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്ന മുന്നേറ്റം അർത്ഥവത്താവണമെങ്കിൽ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉണ്ടാകണം. എല്ലാവർക്കും നീതി ലഭ്യമാകുന്നുവെന്ന അവസ്ഥയുണ്ടാകണം. കൊല്ലപ്പെടുന്ന ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിന് പകരം കൊലപാതകികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഏത് ആക്രമണത്തെയും ജീവൻരക്ഷാ പ്രവർത്തനമെന്ന് വിശേഷിപ്പിക്കുന്ന സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര പബ്ലിക്കേഷൻ മാനേജിംഗ് എഡിറ്റർ കാ ഭാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി മഠം പ്രതിനിധി സ്വാമി അനഘാമൃതാനന്ദപുരി പുസ്തകം ഏറ്റുവാങ്ങി. 'ചട്ടമ്പിസ്വാമി സാഹിത്യസർവ്വസ്വം ' ജനറൽ എഡിറ്റർ ഡോ.എ. എം. ഉണ്ണിക്കൃഷ്ണൻ പുസ്തക പരിചയവും ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |