കണ്ടെത്തൽ ആരോഗ്യവകുപ്പിന്റെ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' രണ്ടാംഘട്ട സർവേയിൽ
കണ്ണൂർ: ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാമ്പയിന്റെ രണ്ടാം ഘട്ട സർവേയിൽ ജില്ലയിൽ 50 ശതമാനം പേർക്കും ഭാവിയിൽ പകർച്ച ഇതര രോഗസാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി.നിലവിൽ 75 ശതമാനം സ്‌ക്രീനിംഗ് നടത്തിയ 11,20,152 പേരിൽ 50 ശതമാനം പേർക്കും ഭാവിയിൽ പകർച്ച ഇതരരോഗസാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
30 വയസ് കഴിഞ്ഞവരിലായിരുന്നു സ്‌ക്രീനിംഗ്. ഇവരിൽ 1.57 ലക്ഷം പേർക്ക് അമിതരക്തസമ്മർദ്ദമാണുള്ളത്. പ്രമേഹബാധിതർ .87,292 പേരാണ്. രണ്ടും രോഗങ്ങളുമുള്ള 60,341പേരുമുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നത് 30,144 പേരാണ്. കുഷഠം, മാനസിക സംബന്ധമായ പ്രശ്നങ്ങൾ, കാഴ്ച പരിമിതി, കേൾവി കുറവ് തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഓരോവർഷം കൂടുമ്പോഴും ജീവിതശൈലി രോഗങ്ങളിൽ വർദ്ധയുണ്ടാകുന്നുവെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
റിസ്ക് ഫാക്ടർ ഗ്രൂപ്പിലുള്ളത് 5,41,032 പേർ
സ്‌ക്രീനിംഗ് നടത്തിയവരിൽ 5,41,032 പേരും ഏതെങ്കിലും ഒരു രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്രീനിംഗ് നടത്തിയവരിൽ 48.3 ശതമാനം വരും. ശ്വാസകോശ രോഗ സ്‌ക്രീനിംഗിന് 30144 പേരെ വിധേയരാക്കി. കാഴ്ചാപരിശോധനയ്ക്ക് 3,62,382 പേരെ വിധേയരാക്കി. കേൾവിപരിശോധന 41,382 പേർക്കും നടത്തി.
സ്കീനിംഗ് ശൈലി ആപ്പ് വഴി
'ശൈലി ആപ്പ് ' എന്ന മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ആശാ പ്രവർത്തകരാണ് സംസ്ഥാനത്ത് സ്‌ക്രീനിംഗ് നടത്തുന്നത്.പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, വിവിധ കാൻസറുകൾ എന്നിവയെകുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനൊപ്പം ഈ രോഗങ്ങളിലേക്ക് നയിക്കുന്ന ജീവിതചര്യകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി രോഗസാദ്ധ്യത കണ്ടെത്തുന്നു. വിവിധ അപകടഘടകങ്ങൾ വിലയിരുത്തിയാണ് ആരോഗ്യ നിലവാരത്തെക്കുറിച്ചുള്ള സ്‌കോറിംഗ് നടത്തുന്നത്.സ്‌കോർ നാലിന് മുകളിലാണെങ്കിൽ ജീവിതശൈലീരോഗ സാദ്ധ്യത കൂടും. ഇവരെ തുടർ പരിശോധനകൾക്ക് വിധേയരാക്കും.
കാൻസർ സ്‌ക്രീനിഗ് 2,02,50 പേരിൽ
കാൻസർ സ്‌ക്രീനിംഗ് നടത്തിയ 20250 പേരിൽ 15035 പേരെ സ്തനാർബുദ കാൻസർ സ്‌ക്രിനിംഗിന് അയച്ചു. ഗർഭാശയ കാൻസർ സ്ക്രീനിംഗിന് 3106 പേരെയും വായിലെ കാൻസർ സക്രീനിംഗിന് 2019 പേരെയും അയച്ചു.കാൻസർ കെയർ സ്‌ക്രീനിംഗ് ഡാഷ്ബോർഡ് പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |