പുകഞ്ഞ കൊള്ളി പുറത്ത്; ഇതായിരുന്നു ഒരു യുവതിയുമായുള്ള ബന്ധം വെളിപ്പെടുത്തിയ മൂത്ത മകൻ തേജ് പ്രതാപ് യാദവിനോട് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നിലപാട്. ധാർമ്മിക മൂല്യങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട തേജ് രാഷ്‌ട്രീയത്തിൽ സ്വന്തം വഴിയിലാണ്. കഴിഞ്ഞ മേയിൽ ആർ.ജെ.ഡിയിൽ ആറുവർഷത്തേക്ക് പുറത്തായതിനെ തുടർന്ന് രൂപീകരിച്ച ജനശക്തി ജനതാദളിന്റെ ബാനറിൽ തേജ് പ്രതാപ് മുൻ മണ്ഡലമായ മഹുവയിൽ മത്സരിക്കുന്നു. തേജ് പ്രതാപിനോട് വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിൽ ആർ.ജെ.ഡി സിറ്റിംഗ് എം.എൽ.എ മുകേഷ് റോഷന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മകനെതിരെ ലാലുവും സഹോദരനെതിരെ തേജസ്വി യാദവും മഹുവയിൽ പ്രചാരണം നടത്തുമെന്ന് ചുരുക്കം. എന്നാൽ ആർ.ജെ.ഡിയുടെ ശക്തികേന്ദ്രമായ മഹുവയിലെ മുസ്ളിം-യാദവ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ തേജ് പ്രതാപിന് കഴിഞ്ഞാൽ കാര്യങ്ങൾ കുഴയും.
മരിച്ചാലും മഹുവയെ ഉപേക്ഷിക്കില്ലെന്ന ദൃഢ പ്രതിജ്ഞയെടുത്ത തേജ് പ്രതാപ് രണ്ടും കൽപ്പിച്ചാണ്. ഇതാണ് തേജസ്വിക്കും ലാലുവിനും വെല്ലുവിളിയാകുന്നത്. 2015ൽ ആർ.ജെ.ഡി ബാനറിൽ മഹുവയിൽ നിന്ന് ജയിച്ച തേജ് പ്രതാപിന് മണ്ഡലത്തിൽ നല്ല ബന്ധമുണ്ട്. ആർ.ജെ.ഡിയുടെ തന്ത്രങ്ങളും അറിയാം. യാദവ-മുസ്ളിം വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ ഇതുമതി. ഔദ്യോഗിക ആർ.ജെ.ഡി സ്ഥാനാർത്ഥി മുകേഷ് റോഷന്റെ വോട്ടുകൾ കുറഞ്ഞാൽ അത് പ്രയോജനപ്പെടുക എൻ.ഡി.എയ്ക്കുവേണ്ടി മത്സരിക്കുന്ന എൽ.ജെ.പി സ്ഥാനാർത്ഥി സഞ്ജയ് കറുമാറിനാകും. കുടുംബത്തിനകത്തും പാർട്ടിക്കെതിരെയും തേജ് പ്രതാപ് നടത്തുന്ന കലാപം മുതലെടുക്കാൻ എൻ.ഡി.എ പരാമാവധി ശ്രമിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോയ തേജ് പ്രതാപിനെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. പൊലീസ് ലോഗോ പതിച്ച, ബീക്കൺ ഘടിപ്പിച്ച വാഹനത്തിലെത്തിയതിനാണ് നടപടി.
അനുഷ്‌ക യാദവ് എന്ന യുവതിയുമായി 12 വർഷമായി അഗാധ പ്രണയത്തിലാണെന്ന് ഫേസ്ബുക്കിൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തേജ് പ്രതാപിനെ പാർട്ടി പുറത്താക്കിയത്. ബീഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയുമായുള്ള തേജിന്റെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |