പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു സന്നിധാനത്തെത്തി. 11.30ഓടെയാണ് രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയത്. പമ്പയിലെത്തി കെട്ടുനിറച്ചാണ് മല ചവിട്ടിയത്. രാഷ്ട്രപതി പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയമ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനൻ പൂർണകുഭം നൽകി സ്വീകരിച്ചു.
9.05ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗമാണ് രാഷ്ട്രപതി പമ്പയിലെത്തിയത്. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. വെെകിട്ട് വരെ സന്നിധാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്. കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി മല കയറിയത്.
രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 23-ാം തീയതി രാവിലെ 10.30ന് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും.
24-ാം തീയതി രാവിലെ 11.35ന് കൊച്ചി നാവിസേന ആസ്ഥാനത്ത് ഇറങ്ങുന്ന രാഷ്ട്രപതി എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് 4.05ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |