തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് 19ന് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണപ്പാളികൾ ആർക്കൊക്കെ കൈമാറിയെന്നറിയാനും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്താനുമാണിത്.
ബംഗളൂരു സ്വദേശിയായ ഇയാളെ വിളിച്ചുവരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്. പോറ്റിയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാനായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് ഉത്തരവ്. എന്നാൽ, പോറ്റി അന്ന് എത്തിയിരുന്നില്ല. പോറ്റിയുടെ പേരിൽ ഒപ്പിട്ടാണ് അനന്തസുബ്രഹ്മണ്യം ഏറ്റുവാങ്ങിയത്.
ഹൈദരാബാദിൽ സ്വർണപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയായ നാഗേഷിന് ഇവ കൈമാറിയെന്ന് ഇയാൾ വെളിപ്പെടുത്തി. തൊട്ടടുത്ത ദിവസം പോറ്റിയുടെ മറ്റൊരു സുഹൃത്തായ കർണാടക സ്വദേശി ആർ. രമേശിന് നൽകി. രമേശിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് സൂചന.
കവർന്ന സ്വർണം കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ വ്യവസായികൾക്കടക്കം വിറ്റെന്നാണ് നിഗമനം. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
താൻ ചെറുമീനെന്ന് പോറ്റി
താൻ ചെറുമീനാണെന്നും കൊള്ളപ്പണം അടിച്ചെടുത്തത് വൻ സ്രാവുകളാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. താൻ വെറും ഇടനിലക്കാരനാണ്. ബംഗളൂരുവിലാണ് തട്ടിപ്പിന്റെ ഗൂഢാലോചന നടന്നത്. സ്വർണം തനിക്ക് ലഭിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ പങ്കും പോറ്റി വെളിപ്പെടുത്തിയെന്ന് അറിയുന്നു. അതേസമയം, പ്രതിപ്പട്ടികയിലുള്ള ഒൻപത് ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാത്തതിനെക്കുറിച്ച് ആക്ഷേപമുയരുന്നു. ഉദ്യോഗസ്ഥർ ദേവസ്വം ബോർഡിന്റെ പങ്ക് വെളിപ്പെടുത്തുമെന്നതിനാലാണ് ഇതെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |