കൊച്ചി : പാലാരിവട്ടം ഫ്ളൈ ഒാവറിന്റെ രേഖകളിൽ വൻ ക്രമക്കേട് നടത്തി, കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത സ്ഥാപനത്തെ ഒഴിവാക്കിയാണ് ആർ.ഡി.എസ് കമ്പനിക്ക് നിർമ്മാണ കരാർ നൽകിയതെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു.
ആർ.ഡി.എസിന്റെ ടെൻഡറിലെ തുകയും ടെൻഡർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ടെൻഡർ തുകയും കുറച്ചു കാട്ടാനായി തിരുത്തുകയും വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്‌തു. ഇതിനു പിന്നിൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥരാകാമെന്നും വിജിലൻസ് പറഞ്ഞു.
ഇക്കാര്യം നിസാരമായി കാണാനാവില്ലെന്ന് സിംഗിൾബെഞ്ച് പറഞ്ഞു.
സ്വകാര്യ കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നേരിട്ട് നൽകിയതെന്തിനാണെന്നും കോടതി ആരാഞ്ഞു.
അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
വിജിലൻസിന്റെ കണ്ടെത്തലുകൾ
ആർ.ഡി.എസ് കമ്പനി 47.68 കോടിയുടെ ടെൻഡറാണ് നൽകിയത്. (ഫ്ളൈ ഒാവറിന് 30.90 കോടിയും അനുബന്ധ നിർമ്മാണങ്ങൾക്ക് 16.78 കോടിയും)
42 കോടിയുടെ ടെൻഡർ നൽകിയ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷനാണ് ടെൻഡർ ലഭിക്കേണ്ടിയിരുന്നത്. ഇവരെ ഒഴിവാക്കാൻ രേഖകൾ തിരുത്തി.
ടെൻഡർ തുക രേഖപ്പെടുത്തിയ പേജിന്റെ അവസാനം 13.43 ശതമാനം റിബേറ്റ് കൂടി എഴുതിച്ചേർത്ത് ആർ.ഡി.എസിന്റെ ടെൻഡർ 41.27 കോടി രൂപയായി കുറച്ചു.
ടെൻഡർ തുറക്കുമ്പോൾ തുക രേഖപ്പെടുത്തുന്ന രജിസ്റ്ററിലും തിരുത്തി.
ടെൻഡറിലെ തിരുത്തിയ തുകയും രജിസ്റ്ററിൽ തിരുത്തിയ തുകയും വ്യത്യസ്തമാണ്.
മറ്റു കമ്പനികളുടെ ടെൻഡർ തുക രേഖപ്പെടുത്തിയ കൈയക്ഷരത്തിലല്ല ആർ.ഡി.എസിന്റെ തുക രേഖപ്പെടുത്തിയത്.
ഫ്ളൈ ഒാവറിന്റെ ഡിസൈൻ തയ്യാറാക്കേണ്ടത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ്. ഇൗ വ്യവസ്ഥ മറികടക്കാൻ സർക്കാരിന്റെ അനുമതി വേണം. അതില്ലാതെ ബംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത്. ഇവരുടെ പ്രവൃത്തി പരിചയം ടെൻഡറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇൗ വ്യവസ്ഥ ലംഘിച്ചാൽ ടെൻഡർ തള്ളാമെങ്കിലും കോർപറേഷൻ അതു ചെയ്തില്ല.
മൊബിലൈസേഷൻ അഡ്വാൻസ് കോർപറേഷന് നൽകാതെ കരാറുകാർക്ക് നേരിട്ട് നൽകാൻ നിർദ്ദേശിച്ചത് ടി.ഒ. സൂരജാണ്. മുൻകൂർ നൽകുന്ന തുക 30 ശതമാനം വീതം ഒാരോ ബില്ലിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു വ്യവസ്ഥ. ഇതു പത്തു ശതമാനം വീതമാക്കിയത് സൂരജാണ്. റോഡ് ഫണ്ട് ബോർഡ് ജനറൽ മാനേജരും സി.ഇ.ഒയും ഇതിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല.
സർക്കാർ നിശ്ചയിച്ച തുകയെക്കാൾ കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെൻഡർ നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുക ബാങ്ക് ഗാരന്റിയായി നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |