സമൃദ്ധിയുടെയും സുരക്ഷയുടെയും പ്രതീകമാണ് സ്വർണം. ആഭരണമെന്നതിലുപരി തലമുറകളായി കൈമാറി വരുന്ന ഒരു നിക്ഷേപ മാർഗം കൂടിയാണത്. അതുകൊണ്ടാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി നിൽക്കുമ്പോഴും അതിനോടുള്ള പ്രിയം ആരും അവസാനിപ്പിക്കാത്തത്. എന്നാൽ ഇന്ത്യയിലെ ഉയർന്ന വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സ്വർണം ലഭിച്ചാലോ..
സ്വർണത്തിന് സാർവത്രികമായി ഒരേ മൂല്യമുണ്ടെങ്കിലും, നിങ്ങൾ കൊടുക്കുന്ന വിലയിൽ വലിയ വ്യത്യാസങ്ങൾ വരുത്താൻ കഴിയും. ഇറക്കുമതി തീരുവ, പ്രാദേശിക നികുതികൾ, വിപണിയിലെ ഡിമാൻഡ് എന്നിവയാണ് ഈ വില വ്യത്യാസങ്ങൾക്ക് കാരണം. നിങ്ങളുടെ പണം കൊണ്ട് കൂടുതൽ സ്വർണം വാങ്ങാൻ കഴിയുന്ന, ലോകത്തിലെ 7 ആകർഷകമായ വിപണികൾ ഇതാ.
1. ദുബായ്
സ്വർണ നഗരമെന്ന് അറിയപ്പെടുന്ന ദുബായ്, ലോകമെമ്പാടുമുള്ള സ്വർണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. കുറഞ്ഞ നികുതികളും ഇറക്കുമതി തീരുവകളും കാരണമാണ് ഇവിടെ സ്വർണത്തിന് വില കുറവ്. 'ഡ്യൂട്ടി ഫ്രീ' വ്യാപാര കേന്ദ്രമെന്ന പദവിയാണ് മറ്റൊരു പ്രധാന ആകർഷണം. ദുബായിലെ കർശന ഗുണനിലവാര മാനദണ്ഡങ്ങൾ കാരണം വിശ്വാസത്തോടെ സ്വർണം വാങ്ങാം. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ ഇന്ത്യൻ വില 1,23,035 രൂപയാണ്. എന്നാൽ ദുബായിൽ ഇതേ സ്വർണത്തിന് 1,14,740 രൂപയാണ്.
2. തുർക്കി
തുർക്കിയിൽ സ്വർണം ഒരു നിക്ഷേപം എന്നതിലുപരി സാംസ്കാരിക പ്രാധാന്യമുള്ളതാണ്. രാജ്യത്തെ ശക്തമായ സ്വർണ ശുദ്ധീകരണ ശേഷിയും കുറഞ്ഞ നികുതി നിരക്കുകളുമാണ് ഇവിടെ സ്വർണത്തിന് വില കുറയാൻ കാരണം. 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് ഇന്ത്യയേക്കാൾ വിലകുറഞ്ഞ നിരക്കിൽ 1,13,040 രൂപയ്ക്ക് തുർക്കിയിൽ നിന്ന് വാങ്ങാം.
3. ഹോങ്കോംഗ്
ഏഷ്യയുടെ ഡ്യൂട്ടി ഫ്രീ ഹബാണ് ഹോങ്കോംഗ്. തുറന്ന സമ്പദ്‌വ്യവസ്ഥയും തുച്ഛമായ ഇറക്കുമതി തീരുവകളും കാരണം ഇവിടെയും സ്വർണ പ്രേമികളുടെ പ്രിയപ്പെട്ടയിടമാണ്. 1,13,140 രൂപയാണ് ഇവിടത്തെ 10 ഗ്രാം സ്വർണത്തിന്റെ വില. ഇന്ത്യൻ വിലയേക്കാൾ കുറവാണിത്.
4. കുവൈറ്റ്
ദുബായിയെ പോലെ, ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിനും സുതാര്യമായ വിലയ്ക്കും പേരുകേട്ട ഇവിടം, സ്വർണം വാങ്ങുന്നവരുടെ ഇഷ്ടസ്ഥലമാണ്. കുറഞ്ഞ നികുതികളും സ്ഥിരതയുള്ള കറൻസിയുമാണ് ഇവിടെ സ്വർണത്തിന് ഇന്ത്യയേക്കാൾ വില കുറയാനുള്ള കാരണം. 1,13,570 രൂപയാണ് കുവൈറ്റിലെ 10 ഗ്രാം സ്വർണത്തിന്റെ വില.
5. ഖത്തർ
ഖത്തറിലും ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങിക്കാൻ സാധിക്കും. കുറഞ്ഞ ഇറക്കുമതി തീരുവയും ഉയർന്ന വ്യാപാര അളവുമാണ് വില കുറയാനുള്ള കാരണം. 1,14,000 രൂപയാണ് ഖത്തറിൽ 24 കാരറ്റിന്റെ 10 ഗ്രാം സ്വർണ്ണത്തിന്റെ വില.
6. യുണൈറ്റഡ് സ്റ്റേറ്റ്സ്
യുഎസ് വിപണിയുടെ സുതാര്യതയും, സ്ഥിരതയുള്ള നിയന്ത്രണങ്ങളും കാരണം ഇവിടെ കുറഞ്ഞ വിലയിൽ സ്വർണം ലഭ്യമാണ്. കാര്യക്ഷമമായ ലോജിസ്റ്റിക്സും മിതമായ നികുതിയും വില കുറയ്ക്കുന്നതിൽ പങ്കുവഹിക്കുന്നു. 1,15,360 രൂപയാണ് 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ യുഎസിലെ വില.
7. സിംഗപ്പൂർ
വിലയേറിയ ലോഹങ്ങൾക്ക് സിംഗപ്പൂരിൽ നികുതി ഇളവുകൾ നൽകുന്നത് കൊണ്ടാണ് ഇവിടെ സ്വർണത്തിന് വില കുറയാനുള്ള കാരണം. ലോകോത്തര നിലവാരമുള്ള സാമ്പത്തിക സംവിധാനങ്ങളും സുതാര്യതയ്ക്കും പേരുകേട്ട സിംഗപ്പൂർ, വിശ്വാസ്യതയും മൂല്യവും വാഗ്ദാനം ചെയ്യുന്നു. 1,18,880 രൂപയാണ് സിംഗപ്പൂരിലെ 10 ഗ്രാം സ്വർണത്തിന്റെ വില.
ഈ രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങി, ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ നിലവിലുള്ള കസ്റ്റംസ് ഡ്യൂട്ടി നിയമങ്ങൾ കൃത്യമായി മനസ്സിലാക്കണം. നികുതി അടച്ച ശേഷം മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന ലാഭം ലഭിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |