തിരുവനന്തപുരം: മഴ മേഘങ്ങളെ സാക്ഷിയാക്കി, ചരിത്രം ഉറങ്ങുന്ന അനന്തപുരിയിൽ ട്രാക്കിലും ഫീൽഡിലും മിന്നൽപ്പിണരാകാൻ കൗമാര കേരളം റെഡി. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗ്ലാമർ ഇനമായ അത് ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡയത്തിൽ ട്രാക്കുണരും. രാവിലെ 7ന് സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് പോരാട്ടങ്ങൾക്ക് കൊടിയേറുന്നത്.
ഇനിയുള്ള 6 ദിവസം പുതിയ വേഗവും ഉയരവും തേടിയുള്ള 'പൊളപ്പൻ പോരാട്ടങ്ങൾക്ക് പത്മനാഭന്റെ മണ്ണ് 'വേദിയാകും.
വേഗമേറിയ താരത്തെ ഇന്നറിയാം
ആദ്യ ദിനം 9 ഫൈനലുകൾ നടക്കും. സൂപ്പർ ഇനമായ 100 മീറ്റർ മത്സരങ്ങളും ഇന്നാണ്.
വീണ്ടും മെയിനാകാൻ മലപ്പുറം
കടകശേരി ഐഡിയൽ ഇ എച്ച്.എസ്. എസിന്റെയും തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസിന്റെയും ചിറകിലേറി കഴിഞ്ഞ തവണ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്സിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം തന്നെയാണ് ഇത്തവണയും ഫേവറിറ്റുകൾ.
22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും ഉൾപ്പെടെ 247 പോയിന്റ് സ്വന്തമാക്കിയായിരുന്നു എറണാകുളത്ത് മലപ്പുറം കന്നിക്കിരീടത്തിൽ മുത്തമിട്ടത്.
പവറാകാൻ പാലക്കാട്
കഴിഞ്ഞ തവണ സ്വർണ നേട്ടത്തിൽ മുന്നിലായിരുന്ന പാലക്കോടിനെ ആകെ മെഡൽ നേട്ടത്തിൽ പിന്നിലാക്കിയാണ് അവരുടെ കൈയിലിരുന്ന കിരീടം മലപ്പുറം സ്വന്തമാക്കിയത്. ഇത്തവണ ആ കിരിടം തരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട്. പതിവുപോലെ പറളി തന്നെയാണ് പാലക്കാടിന്റെ ശക്തി. പി.യു ചിത്രയൊക്കെ കളംവാണ കാലത്തിന്റെ നിഴൽ മാത്രമാണെങ്കിലും മുണ്ടൂരും പാലക്കാടിന്റെ പവർഹൗസാണ്. 25 സ്വർണമുൾപ്പെടെ കഴിഞ്ഞ തവണ 213 പോയിന്റ് നേടിയാണ് പാലക്കാട് റണ്ണറപ്പായത്.
തിരിച്ചുവരാൻ എറണാകുളം
കോതമംഗലം സ്‌കൂളുകളായ സെന്റ് ജോർജിന്റെയും മാർബേസിലിന്റെ കരുത്തിൽ കളം വാണ സുവർണകാലം തിരിച്ചു പിടിക്കാനാണ് എറണാകുളം എത്തിയിരിക്കുന്നത്. സെന്റ് ജോർജ് സ്‌കൂളിന്റെ പതനത്തോടെയാണ് എറണാകുളവും പോയിന്റ് ടേബിളിൽ താഴേക്ക് ഇറങ്ങിത്തുടങ്ങിയത്. മാർബേസിലാണ് എറണാകുളത്തിന്റെ പ്രധാന ചാലകശക്തി. കീരം പാറ സെന്റ് സ്റ്റീഫൻസ്, മൂക്കന്നൂർ എസ്.എച്ച്.ഒ എച്ച്.എസ് എന്നീ ടീമുകൾ ഇത്തവണ റവന്യൂ ജില്ലയിൽ പുറത്തെടുത്ത പ്രകടനം സംസ്ഥാന തലത്തിലും തുടർന്നാൽ എറണാകുളം അനന്തപുരിയിൽ കുതിക്കും,
കഴിഞ്ഞ തവണ ഓവറോൾ കണക്കിൽ മൂന്നാം സ്ഥാനത്തായിരുന്നു.
അദ്ഭുതമാകാൻ അനന്തപുരി
സ്വന്തം നാട്ടിൽ ജി.വി രാജയുടെ കുതിപ്പിൽ അദ്ഭുതം സൃഷ്ടിക്കാമെന്നാണ് ആതിഥേയരായ തിരുവനന്തപുരത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ 68 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു തിരുവനന്തപുരം. ജി.വി രാജയ്‌ക്കൊപ്പം വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്‌കൂൾ , സായി എൽ.എൻ.സി.പി.ഇ എന്നിവിടങ്ങളിലെ താരങ്ങളും മികവ് തുടർന്നാൽ ആതിഥേയർക്ക് ചരിത്രം കുറിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |