ആലപ്പുഴ: തുടർച്ചയായ സൈബർ ആക്രമണത്തിനെതിരെ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ വീണ്ടും രംഗത്ത്. തന്റെ ചിത്രത്തോടൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത് മന:പ്പൂർവം അപമാനിക്കാനാണ്. 'സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്ന അടിക്കുറിപ്പോടെ ഒരു അസഭ്യ കവിത പ്രചരിക്കുന്നത് കോഴിക്കോടുള്ള സുഹൃത്ത് ശ്രദ്ധയിൽപ്പെടുത്തി. ഗുരുതരമായ ഈ സൈബർ കുറ്റത്തെ പൊലീസ് ശ്രദ്ധിക്കണമെന്ന് 'മുന്നറിയിപ്പ്; ജാഗ്രത' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ അജണ്ടയ്ക്ക് സർക്കാർ വഴങ്ങരുത്:സണ്ണി ജോസഫ്
പി.എം ശ്രീ പദ്ധതിയിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.നാടിന്റെ പുരോഗതിക്കാവശ്യമായ ഫണ്ട് ലഭിക്കുമ്പോൾ അതിൽ ഉപാധികൾ പാടില്ല.കേന്ദ്രം നൽകുന്നത് നമ്മുടെ നികുതിപ്പണമാണ്.അർഹതപ്പെട്ട പണം വാങ്ങുന്നത് അവകാശമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി.എം ശ്രീ പദ്ധതിയെ എതിർക്കുന്നത് സി.പി.ഐയുടേത് ഉറച്ചനിലപാടാണോ എന്നതിൽ കോൺഗ്രസിന് സംശയമുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സമരത്തിൽ നുഴഞ്ഞു കയറ്റക്കാരെന്ന് ഇ.പി ജയരാജൻ
താമരശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരെയുള്ള സമരത്തിൽ നുഴഞ്ഞുകയറ്റക്കാരുണ്ടായിരുന്നെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ ആരോപിച്ചു. നുഴഞ്ഞു കയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത്. സമരം ചെയ്തവർക്കെതിരെ സർക്കാർ കർശനനടപടി വേണം. അക്രമിസംഘത്തിൽ ഡി.വൈ.എഫ്.ഐക്കാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി എടുക്കണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. പി.എം.ശ്രീ പദ്ധതി മുന്നണിയിൽ ചർച്ച ചെയ്തു മുന്നോട്ടു പോകും. മുന്നണിയെ ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |