SignIn
Kerala Kaumudi Online
Friday, 24 October 2025 3.51 PM IST

രാഷ്ട്രപതിയുടെ രണ്ട് പുണ്യ ദർശനങ്ങൾ

Increase Font Size Decrease Font Size Print Page
as

സാമൂഹ്യ അവണനയുടെയും ഉച്ചനീചത്വങ്ങളുടെയും കൂരിരുട്ടിൽ നിന്ന് സമഭാവനയുടെ പ്രകാശത്തിലേക്ക് മനുഷ്യരാശിയെ നയിച്ച ആത്മീയാചാര്യനെന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചത്. സർവ ചരാചരങ്ങളിലും അദ്ദേഹം ഈശ്വരനെ ദർശിച്ചുവെന്നും,​ ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി സമ്മേളനം ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യവേ അവർ അഭിപ്രായപ്പെട്ടു. സമത്വം, ഏകത, മനുഷ്യസ്നേഹം എന്നിവയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വിശാലമായ ദർശനം തലമുറകളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. മാനവികത നേരിടുന്ന സംഘർഷങ്ങൾക്കുള്ള പ്രതിവിധിയാണ് ഗുരുദേവ വചനങ്ങളെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ജ്ഞാനം, അനുകമ്പ എന്നിവയിലൂടെയാണ് മനുഷ്യരാശിയുടെ മോചനം. ആത്മശുദ്ധീകരണം, ലാളിത്യം, വിശ്വസ്നേഹം എന്നിവയ്ക്കാണ് ഗുരു പ്രാധാന്യം നൽകിയത്. കാലം ചെല്ലുന്തോറും ഗുരുവിന്റെ വാക്കുകൾക്കും കർമ്മങ്ങൾക്കും പ്രസക്തിയേറുകയാണെന്നും അവർ പറഞ്ഞു.

രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിന് നിരവധി സവിശേഷതകളും അപൂർവതകളുമുണ്ട്. പുണ്യസങ്കേതങ്ങളാണ് ശബരിമലയും ശിവഗിരിയും. തത്ത്വമസി (അതു നീ തന്നെയാണ്) എന്ന വേദാന്തസാരം വിളംബരം ചെയ്യുന്ന കാനനക്ഷേത്രമാണ് ശബരിമല. ബ്രഹ്മവും ഈശ്വരനുമെല്ലാം നീ തന്നെയാണ് എന്ന് മനുഷ്യരെ ഓർമ്മപ്പെടുത്തുന്ന ഈ പുണ്യസന്നിധിയിൽ തൊഴുതുനിൽക്കുന്ന ഭക്തകോടികൾക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേയുള്ളൂ. അതുപോലെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഉദാത്തമായ വിശ്വമാനവ ദർശനത്തിന്റെ ദീപസ്തംഭമാണ് ശിവഗിരി. ഒരു സഹസ്രാബ്ദം കൊണ്ടുപോലും നടക്കാത്ത സാമൂഹ്യ പരിവർത്തനങ്ങളാണ് യുഗപുരുഷനായ ശ്രീനാരായണഗുരു ഒരു പുരുഷായുസുകൊണ്ട് നിർവഹിച്ചത്. അറിവിനെ ദിവ്യായുധമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ.

അരുവിപ്പുറത്ത് അദ്ദേഹം തുടങ്ങിവച്ച നിശബ്ദവും രക്തരഹിതവുമായ വിപ്ളവത്തിന്റെ പിൽക്കാല സാഫല്യങ്ങളാണ് ഒറീസയിലെ ഗോത്രവർഗത്തിൽപ്പെട്ട ദ്രൗപദി മുർമുവും ദളിത് കുടുംബത്തിൽ പിറന്ന മലയാളിയായ കെ.ആർ. നാരായണനും രാഷ്ട്രപതിമാരായത്. ശ്രീനാരായണ ഗുരുവിന്റെ മഹാപരിനിർവാണ ശതാബ്ദി സമ്മേളനം ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തതിലും അങ്ങനെയൊരു ചരിത്ര കൗതുകം കൂടിയുണ്ട്. തന്റെ മുൻഗാമിയായ കെ.ആർ. നാരായണന്റെ പ്രതിമ രാജ്‌ഭവനിൽ അനാവരണം ചെയ്തതിലുമുണ്ട് ഒരു നിയോഗം. ശബരിമല അയ്യപ്പനെ ദർശിക്കണമെന്നത് അവരുടെ ദൃഢനിശ്ചയമായിരുന്നു. പ്രതികൂല കാലാവസ്ഥ പലരും ചൂണ്ടിക്കാട്ടിയെങ്കിലും അവരുടെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. ആചാരാനുഷ്ഠാനങ്ങൾ നൂറുശതമാനം പാലിച്ചുകൊണ്ട് പതിനെട്ടാം പടി നടന്നുകയറിയായിരുന്നു,​ രാഷ്ട്രപതിയുടെ അയ്യപ്പദർശനം. അയ്യപ്പനെ ദർശിച്ച ആദ്യ വനിതാ രാഷ്ട്രപതിയെന്ന വിശേഷണവും ഇതിലൂടെ അവർക്ക് സ്വന്തമായി.

ഗുരുദേവന്റെ മാഹാത്മ്യം പ്രത്യേകം എടുത്തുപറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തെ അർത്ഥവത്താക്കുന്ന വിവിധ പദ്ധതികളാണ് ശതാബ്ദി ആചരണത്തിന്റെ ഭാഗമായി 2028 വരെ മൂന്നുവർഷങ്ങളിലായി ശിവഗിരി മഠം ആവിഷ്കരിച്ചിട്ടുള്ളത്. ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകുന്ന വേളയിൽ ഗുരു വിഭാവനം ചെയ്ത ആധുനിക ശാസ്ത്ര - സാങ്കേതികവിദ്യയ്ക്കും ഏകലോക ദർശനത്തിനും പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് അതിൽ പലതും. ഇന്ത്യയ്ക്കകത്തും പുറത്തുമായി 100 ശ്രീനാരായണ ദാർശനിക മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഗുരുദേവ കൃതികൾ ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും തർജ്ജമചെയ്ത് പ്രചരിപ്പിക്കും,​ ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വൃദ്ധജനങ്ങൾക്ക് ശരണാലയങ്ങൾ സ്ഥാപിക്കും എന്നിവ എടുത്തുപറയേണ്ട പദ്ധതികളാണ്. ശബരിമലയിൽ അയ്യപ്പദർശന പുണ്യം നേടിയ രാഷ്ട്രപതി, ശിവഗിരിയിൽ ഗുരുദേവ മാഹാത്മ്യത്തിന്റെ ആഴവും ദർശിച്ചു. ശബരിമലയുടെയും ശിവഗിരിയുടെയും കീർത്തി ലോകമെങ്ങും കൂടുതൽ പരക്കാൻ രാഷ്ട്രപതിയുടെ സന്ദർശനം ഉപകരിക്കുക തന്നെ ചെയ്യും.

TAGS: DRAUPADI, SABARMALA, SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.