
ശബരിമല ധർമ്മശാസ്താവിന്റെ മണ്ണിലേക്ക് വന്നിറങ്ങിയ രാജ്യത്തിന്റെ പ്രഥമ വനിത ദ്രൗപതി മുർമു നടന്ന് കയറിയത് ചരിത്ര നിമിഷത്തിലേക്കാണ്. ശബരിമലയിൽ അയ്യപ്പനെ തൊഴാൻ എത്തിയ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ വനിതാ രാഷ്ടപതിയുമാണ് ദ്രൗപതി മുർമു. ഇന്ത്യയിൽ സ്വന്തമായി പിൻകോഡുള്ള രണ്ടുപേരുടെ അപൂർവമായ കണ്ടുമുട്ടൽ കൂടിയായിരുന്നു ഇതെന്നത് മറ്റൊരു ചരിത്ര സത്യം. ഇന്നലെ രാവിലെ 8.30ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ മാർഗം പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങിയ രാഷ്ട്രപതിയെ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ച് റോഡ് മാർഗം പമ്പയിലേക്ക് കൊണ്ടുപോയി. തുടർന്ന് നടന്ന സംഭവ വികാസങ്ങൾ ഒരുമാസം നീണ്ടുനിന്ന സുരക്ഷാപദ്ധതികളിൽ, വലിയ വിള്ളലുകളാണ് വീഴ്ത്തിയത്. രാഷ്ട്രപതി വന്ന ഹെലികോപ്ടറിന്റെ ടയറുകൾ ഹെലിപ്പാഡിലെ കോൺക്രീറ്റിൽ താഴ്ന്നുപോയി. പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ കോൺക്രീറ്റിൽ നിന്ന് തള്ളി നീക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ സർക്കാരിനെ പരിഹസിച്ചും വീഴ്ച ചൂണ്ടിക്കാട്ടിയും നിരവധി പോസ്റ്രുകൾ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരടക്കം ചിത്രങ്ങളും ട്രോളുകളുമായി രംഗത്തുവന്നു.
കോൺക്രീറ്റ്
ചെയ്തിട്ട് 12 മണിക്കൂർ
ഹെലിപാഡ് കോൺക്രീറ്റ് ചെയ്ത് 12 മണിക്കൂർ തികയും മുമ്പാണ് ഹെലികോപ്ടർ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താഴ്ന്നത്. അതായത് ഹെലിപാഡിലെ കോൺക്രീറ്റ് പൂർണമായി ഉറയ്ക്കാനുള്ള സമയം പോലും നൽകിയില്ലെന്ന് ചുരുക്കം. നിശ്ചയിച്ച സ്ഥലത്തുനിന്ന് രണ്ടടി മാറിയാണ് ഹെലികോപ്ടർ ലാൻഡ് ചെയ്തതെന്നാണ് അധികൃതർ പറയുന്നത്. നിലയ്ക്കൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനം. കാലാവസ്ഥയിലെ മാറ്റം കാരണം പെട്ടെന്നാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് ക്രമീകരിച്ചത്. രാത്രിയിൽ തുടങ്ങിയ കോൺക്രീറ്റ് അവസാനിച്ചത് പുലർച്ചെയാണ്. എയർഫോഴ്സ് ജീവനക്കാർ പറഞ്ഞ സ്ഥലത്താണ് പൊടിയും ചെളിയും ഒഴിവാക്കി കോൺക്രീറ്റ് നിർമ്മിച്ചതെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ വാദം. എന്നാൽ ഇത്രസമയത്തിനുള്ളിൽ കോൺക്രീറ്റ് ഉറയ്ക്കില്ലെന്നും അപകടമാണെന്നും ഉദ്യോഗസ്ഥരെ അറിയിക്കേണ്ട ചുമതല പി.ഡബ്ല്യു.ഡി അധികൃതർക്ക് ഉണ്ടായിരുന്നു. കോളേജ് ഗ്രൗണ്ടുകളോ ഹെലിപാഡുള്ള കൺവെൻഷൻ സെന്ററുകളേയോ ആശ്രയിക്കാനുള്ള സാദ്ധ്യത പോലും അധികൃതർ തിരിച്ചറിഞ്ഞില്ല. ഈ സംഭവത്തിനു മുമ്പും ശബരിമലയിലേക്ക് ഉൾപ്പെടെ വി.ഐ.പികളായ പലരും വന്നിറങ്ങിയ സ്ഥലമാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയം. എല്ലായ്പ്പോഴും താത്ക്കാലിക ഹെലിപ്പാട് നിർമ്മിക്കുന്നതിന് പകരം സ്ഥിരമായ സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതും ദീർഘ വീക്ഷണമില്ലായ്മയാണ്.
ഒരുമാസം മുമ്പ് പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിലെ പ്രസംഗത്തിനിടെയാണ് മന്ത്രി വി.എൻ വാസവൻ രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കുവാനെത്തുന്നുവെന്ന കാര്യം പൊതുജനത്തിന് മുമ്പാകെ പ്രഖ്യാപിച്ചത്. അടുത്ത ദിവസം മുതൽ രാഷ്ട്രപതിയ്ക്ക് നൽകാനുള്ള സുരക്ഷാ കാര്യങ്ങൾ മുൻകൂട്ടി നടപ്പാക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിനായി പമ്പാ ത്രിവേണി പാലത്തിൽ നിന്ന് ഗണപതി ക്ഷേത്രം വരെയുള്ള സർവീസ് റോഡ് അടക്കം കോൺക്രീറ്റ് ചെയ്ത് വൃത്തിയാക്കി. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റി. എന്നിട്ടും പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വീഴില്ലെന്ന് ഉറപ്പിച്ച വലിയ മരം കടപുഴകി റോഡിൽ വീണു. രാഷ്ട്രപതി പമ്പയിൽ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. സർവ സന്നാഹ ഒരുക്കങ്ങൾക്കിടയിലും തുടർച്ചയായി രണ്ട് സുരക്ഷാ വീഴ്ചകൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവിൽ പത്തനംതിട്ട ജില്ലയിൽ സംഭവിച്ചു. ഭക്തരേയും മാദ്ധ്യമപ്രവർത്തകരേയുമടക്കം സന്നിധാനത്തേക്ക് പ്രവേശിക്കാതെയായിരുന്നു സുരക്ഷ കർശനമാക്കിയത്.
ആദ്യം സന്നിധാനത്ത് എത്തുന്നത് വി.വി ഗിരി
വി.വി ഗിരി 1962-ൽ ഗവർണറായിരിക്കെ ശബരിമല ദർശനം നടത്തിയിരുന്നു. അന്ന് ചാലക്കയം വരെയാണ് വാഹന സൗകര്യമുണ്ടായിരുന്നത്. അവിടെ നിന്ന് നടന്നാണ് പമ്പയിലും സന്നിധാനത്തും അദ്ദേഹം എത്തിയത്. ദർശനത്തിന് ശേഷം രാജ്ഭവനിൽ മടങ്ങിയെത്തിയ വി.വി ഗിരി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് 50 ഏക്കർ സ്ഥലം അനുവദിച്ചിപ്പിരുന്നു. ഇതേ തുടർന്നാണ്ചാലക്കയം പമ്പ റോഡ് ദേവസ്വം ബോർഡ് നിർമ്മിച്ചത്. 1973-ൽ ചൂരൽ കസേരയിലിരുത്തി ചുമന്നാണ് രാഷ്ട്രപതിയായിരുന്ന ഗിരിയെ സന്നിധാനത്ത് എത്തിച്ചത്. ഇതിനു പിന്നാലെയാണ് ഡോളി നിലവിൽ വന്നത്. ഇന്നലെ പമ്പയിൽ നിന്ന് പ്രത്യേകം ക്രമീകരിച്ച വാഹനത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്ത് എത്തിയത്. ഹെലികോപ്ടർ താഴ്ന്ന സംഭവം വിവാദമായതോടെ ജില്ലയിൽ പുതിയ മാറ്റങ്ങൾ എന്തെങ്കിലുമുണ്ടാകുമോ എന്നും കാത്തിരുന്ന് കാണാം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |