
ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് കൊണ്ടുപോകുന്നതിന് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നു. ലിഥിയം ബാറ്ററിക്ക് തീപിടിക്കുന്ന സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണിത്. ഇതുസംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സാങ്കേതിക ഉപദേശം തേടിവരികയാണ്.
ഞായറാഴ്ച ഡൽഹി-ദിമാപൂർ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചിരുന്നു. വിമാനം ഡൽഹി വിമാനത്താവളത്തിൽ ടാക്‌സിയിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിലേക്കുള്ള എയർ ചൈന വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവവും ഉണ്ടായി.
വിദേശ എയർലൈനുകൾ പവർ ബാങ്കുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ചില എയർലൈനുകൾ പവർ ബാങ്ക് സീറ്റ് പോക്കറ്റിലോ സീറ്റിനടിയിൽ വയ്ക്കുന്ന ബാഗിനുള്ളിലോ വയ്ക്കാൻ നിർദ്ദേശിക്കുന്നുണ്ട്.
ദുബായ് എയർലൈനായ എമിറേറ്റ്‌സ്, സിംഗപ്പൂർ എയർലൈൻസ് എന്നിവ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 100 വാട്ട് വരെയുള്ള പവർ ബാങ്ക് കൊണ്ടുപോകാമെങ്കിലും വിമാനത്തിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിന് വിലക്കുണ്ട്.
മിക്ക ഫോണുകളിലും ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ബാറ്ററിയിലേക്ക് ചെറുതായി വൈദ്യുതി പ്രസരിക്കുന്ന ആന്തരിക സംവിധാനമുണ്ട്. അമിതമായി ചാർജ് ചെയ്യപ്പെടുന്നത് തടയാനാണിത്. എന്നാൽ, മിക്ക പവർ ബാങ്കുകളിലും ഈ സുരക്ഷാ സംവിധാനമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |