തിരുവനന്തപുരം: റോഡില്‍ വാഹനമോടിക്കാന്‍ എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്‌പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാല്‍നടയാത്രക്കാരെ അതീവ ശ്രദ്ധയോടെ കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ക്കും റോഡിന്‍െ വശങ്ങളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യുന്നവര്‍ക്കും മാത്രമേ ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കൂ.
നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് മാത്രം ലൈസന്‍സ് ടെസ്റ്റുകള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നതിനിടെയുള്ള കാല്‍നടയാത്രക്കാരുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. അതുപോലെ തന്നെ ഹോണ്‍ ഉപയോഗിക്കുന്ന കാര്യത്തിലും കര്‍ശനമായ നിര്‍ദേശം നടപ്പിലാക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഹോണ്‍ ഉപയോഗിക്കാവൂ എന്നും പതിവായി ഹോണ്‍ ഉപയോഗിക്കുന്നത് നിയമ പ്രകാരം ശിക്ഷാര്‍ഹമാണെന്നും ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി.
ലൈസന്‍സിനായി പരിശീലനം നേടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന് ഇനി മുതല്‍ ആര്‍ടിഒ മാര്‍ പരിശോധിക്കണമെന്ന് പുതിയ ഉത്തരവില്‍ കമ്മീഷണര്‍ വ്യക്തമാക്കുന്നു. ഇതിനായി റോഡുകളിലും ഡ്രൈവിംഗ് സ്‌കൂളുകളുടെ ക്ലാസ് മുറികളിലും അതാത് എംവിഡിമാര്‍ ഇടയ്ക്കിടെ പരിശോധന നടത്തണം. അങ്ങനെ ചെയ്യുന്നില്ലെന്ന് തെളിഞ്ഞാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള അംഗീകൃത റിപ്രഷര്‍ പരിശീലനം നേടുന്നതു വരെ ഇന്‍സ്ട്രക്ടറുടെ ലൈസന്‍സ് ബന്ധപ്പെട്ട ആര്‍ടിഒമാര്‍ റദ്ദാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |