
പത്തനംതിട്ട/തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി രജിസ്റ്ററിൽ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്ന് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ നിർണായക മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും നേരത്തേ എസ്.ഐ.ടിക്ക് സമാന മൊഴിയാണ് നൽകിയത്. ഇതോടെ, സ്വർണക്കൊള്ളയിൽ ദേവസ്വം ഉന്നതർക്കെതിരെ കുരുക്ക് കൂടുതൽ മുറുകി. നിലവിലെ ബോർഡിന്റെ ഇടപെടൽ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമലയിലെ മഹസറുകളിൽ മുരാരിബാബു ബോധപൂർവം തിരിമറി നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ക്ഷേത്ര ശ്രീകോവിലിലെ സ്വർണവും മറ്റും മോഷ്ടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തി. ഇത് അന്നത്തെ ദേവസ്വം ഭാരവാഹികളുടെ അറിവോടെയാണെന്ന് ബാബു സമ്മതിച്ചതായാണ് വിവരം.
ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാൻ ഒത്താശ ചെയ്‌തു. 1998ൽ ശ്രീകോവിൽ സ്വർണംപൊതിഞ്ഞ സമയത്തുതന്നെ സ്വർണപ്പാളിയാണെന്ന് മുരാരിക്ക് അറിവുണ്ടായിരുന്നു. ദ്വാരപാലക ശില്പങ്ങൾ, വാതിൽപ്പടി എന്നിവയിലെ സ്വർണം കവർന്ന കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് ബാബു.
14 ദിവസം റിമാൻഡിൽ,
കസ്റ്റഡിയിൽ വാങ്ങും
ഇന്നലെ വൈകിട്ട് 6ന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോടതിയിലെ അടച്ചിട്ട മുറിയിൽ വീഡിയോയിൽ പകർത്തിയായിരുന്നു വിചാരണ. ഇന്നലെ കോടതി സമയം കഴിഞ്ഞതിനാൽ ഇന്നു രാവിലെ പ്രൊഡക്ഷൻ വാറണ്ടിൽ പ്രതിയെ വീണ്ടും ഹാജരാക്കേണ്ട തീയതി പ്രഖ്യാപിക്കും. ആ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും. കൂട്ടുത്തരവാദികളെ കണ്ടെത്താനും ഓരോരുത്തരുടേയും പങ്ക് അറിയാനും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് ഇന്നലെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നടന്നോയെന്നും പരിശോധിക്കും. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിലെത്തിച്ചത്. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയപ്പോൾ ചെരുപ്പേറ് നടന്നിരുന്നു.
കൂടുതൽ രേഖകൾ പിടിച്ചെടുത്തു
1. മുരാരി ബാബുവിനെ 15മണിക്കൂറിലേറെയാണ് പ്രത്യേക സംഘം ചോദ്യംചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ദേവസ്വം ബോർഡിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തു.
2. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് നേരിട്ടെത്തി. തുടർന്നായിരുന്നു അറസ്റ്റ്. ബുധനാഴ്ച രാത്രി ചങ്ങനാശേരി പെരുന്നയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |