
തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന എല്‍ഡിഎഫില്‍ കാര്യങ്ങളുടെ ശ്രീ കെടുത്തുകയാണ് പിഎം ശ്രീ കരാര്‍ ഒപ്പുവച്ചത്. മുന്നണിയിലെ രണ്ടാമനായ സിപിഐയുടെ എതിര്‍പ്പിനെ മറികടന്നാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. കേരളത്തിന് നല്‍കാതെ തടഞ്ഞ് വച്ചിരിക്കുന്ന ഫണ്ടുകള്‍ ലഭിക്കുമെന്നതാണ് സംസ്ഥാനത്തിനുള്ള നേട്ടം. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതാണെന്നതില്‍ സംശയമില്ല. സിപിഐയെ സംബന്ധിച്ച് അവരുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതം കൂടിയാണ് കരാര്‍.
ആര്‍എസ്എസ് അജണ്ഡയാണ് പിഎം ശ്രീ പദ്ധതിക്ക് കീഴിലെന്ന ആരോപണമാണ് സിപിഐക്ക് ഉള്ളത്. ഇങ്ങനെ ഒരു കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടുന്നതിന് മുന്‍പ് മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്വാഭാവികമായും സിപിഐ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ധാരണാ പത്രം ഒപ്പുവയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടായപ്പോള്‍തന്നെ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത്. കരാറിന്റെ ഭാഗമായി നേരത്തെ തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് വഴിയുള്ള 1500 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. വിഷയത്തില്‍ സി.പി.ഐ പുലര്‍ത്തുന്ന കാര്‍ക്കശ്യം സി.പി.എമ്മിനെ ബോധ്യപ്പെടുത്താനായെന്നും പി.എം ശ്രീ ഏകപക്ഷീയമായി സി.പി.എമ്മിന് നടപ്പാക്കാനാവില്ലെന്നും ബിനോയ് വിശ്വം കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
വരും ദിവസങ്ങളില്‍ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. തങ്ങളുടെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുക്കാത്ത സിപിഎം നിലപാടില്‍ കടുത്ത വിയോജിപ്പാണ് സിപിഐ നേതൃത്വത്തിനുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സിപിഐ നിലപാടിനെ പരസ്യമായി പരിഹസിച്ചതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
മുന്നണിക്കുള്ളില്‍ സിപിഐക്ക് നേരിടേണ്ടി വന്ന ഈ പ്രത്യേക സാഹചര്യത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഉപയോഗിക്കുമെന്ന് തീര്‍ച്ചയാണ്. കരാറില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകില്ലെന്നതിനാല്‍ വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലെ സിപിഎം - സിപിഐ ബന്ധം എത്രകണ്ട് വഷളാകുമെന്നതാണ് അറിയാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |