
വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, റഷ്യയ്ക്ക് മേൽ വീണ്ടും ഉപരോധങ്ങൾ ചുമത്തി സമ്മർദ്ദം ചെലുത്താനുള്ള നീക്കവുമായി യു.എസ്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്‌റ്റ്, ലൂക്കോയിൽ എന്നിവയ്ക്കെതിരെ യു.എസ് ഇന്നലെ ഉപരോധം ഏർപ്പെടുത്തി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ചർച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപേക്ഷിച്ച പിന്നാലെയാണ് നീക്കം. അതിർത്തി പ്രദേശങ്ങളിൽ ഉടൻ വെടിനിറുത്തൽ നടപ്പാക്കണമെന്ന ട്രംപിന്റെ നിർദ്ദേശം റഷ്യ നിഷേധിച്ചതോടെയാണ്, രണ്ട് ആഴ്ചയ്ക്കുള്ളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ചർച്ച ഉപേക്ഷിച്ചത്.
അതേസമയം, യു.എസിന്റെ ഉപരോധങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങൾ വകവയ്ക്കുന്നില്ലെന്നാണ് റഷ്യയുടെ നിലപാട്. യു.എസ് ഉപരോധങ്ങൾക്കെതിരെ രാജ്യം ശക്തമായ പ്രതിരോധ ശേഷി കൈവരിച്ചെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
വരുമാന സ്രോതസ് തടഞ്ഞ് യുക്രെയിനിലെ ആക്രമണം നിറുത്താൻ റഷ്യയെ പ്രേരിപ്പിക്കുകയാണ് ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ യുദ്ധത്തിന് വേണ്ട ചെലവുകൾ റഷ്യ പ്രധാനമായും ആഭ്യന്തര നികുതിയിൽ നിന്ന് കണ്ടെത്തുന്നതിനാൽ ഉപരോധങ്ങൾക്ക് ഉടനടി ആഘാതം സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനും തീരുമാനിച്ചു. 2022 ഫെബ്രുവരിയിൽ യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷം യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ ചുമത്തുന്ന 19-ാമത്തെ ഉപരോധ പാക്കേജാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |