
ഇന്ത്യയിൽ ഏത് സാധാരണക്കാരനും കാർ എന്ന സ്വപ്‌നം പൂവണിയിച്ച കമ്പനിയാണ് മാരുതി. മുൻപ് സുരക്ഷയുടെ പേരിൽ ഏറെ പഴികേട്ടിരുന്നെങ്കിൽ ഇപ്പോൾ ഏറ്റവും മികച്ച സുരക്ഷ ഫീച്ചറുകൾ നൽകുന്നതിൽ കമ്പനി ശ്രദ്ധിക്കാറുണ്ട്. മൈലേജിലും വിലയിലുമുള്ള ജനപ്രിയത കൂടിയാകുമ്പോൾ വിൽപ്പനയിൽ വളരെ പെട്ടെന്നുതന്നെ മികച്ച മുന്നേറ്റം നേടാൻ മാരുതിക്കാകുന്നു. കഴിഞ്ഞ ആറ് മാസംകൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിറ്റ നേട്ടം ഇത്തരത്തിൽ ഉണ്ടാക്കിയിരിക്കുകയാണ് മാരുതിയുടെ സബ്‌കോംപാക്‌ട് സെഡാനായ ഡിസയർ.
2025 ഏപ്രിൽ മുതൽ സെപ്‌തംബർ മാസം വരെ വിൽപന കണക്കെടുത്താൽ 1,08,006 യൂണിറ്റ് മാരുതി സുസുകി ഡിസയറാണ് വിറ്റഴിച്ചത്. 2024 നവംബർ 11നാണ് പുതുക്കിയ നാലാം തലമുറ ഡിസയർ മാരുതി പുറത്തിറക്കിയത്. പുറമേയും ഇന്റീരിയറും ഡിസൈനുകളിൽ വലിയ മാറ്റംവരുത്തിയ മാരുതി 1.2 ഇസഡ് സീരീസ്, 3 സിലിണ്ടർ, നാച്ചുറലി അസ്‌പയേർഡ് പെട്രോൾ എഞ്ചിനാണ് ഡിസയറിന് നൽകിയത്.
മികവാർന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ, പ്രത്യേകതയാർന്ന വലിയ ഗ്രിൽ, നീളമേറിയ ഡിആർഎൽ, അഗ്രസീവ് ബമ്പർ എന്നിവ ഡിസയറിന്റെ മുൻവശത്തെ പ്രത്യേകതയാണ്. വൈ ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പ്, ഷാർക്ക് ഫിൻ ആന്റിന, ബൂട്ട്‌ലൈറ്റ് സ്‌പോയിലർ എന്നിവ പിന്നിൽ ഭംഗിയേകുന്നു. ഭാരത് എൻസിഎപി ക്രാഷ് ടെസ്‌റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ മാരുതി കാറാണ് ഫേസ്‌ലിഫ്റ്റ് നടത്തിയ ഡിസയർ.
5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓപ്ഷനിൽ ലഭിക്കും. അതേസമയം സിഎൻജി വേരിയന്റ് മാനുവൽ ഗിയർബോക്സിലേ ലഭ്യമാകൂ. സ്വിഫ്റ്റ് ഡിസയറിന്റെ എംടി മോഡൽ 24.79 കിലോമീറ്റർ മൈലേജ് നൽകും. എഎംടി മോഡലിന് 25.71 കിലോമീറ്ററും സിഎൻജി വേരിയന്റിന് 33,73കിലോമീറ്റർ/കിലോയുമാണ് ലഭിക്കുക. 6.84 ലക്ഷം മുതൽ 10.19 ലക്ഷം വരെയാണ് ഷോറൂം വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |