
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തിയിരുന്നു. അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നായിരുന്നു രാഹുലിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്. ഇതിനുപിന്നാലെ രാഹുലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വാക്‌പോരുമായി രംഗത്തെത്തിയിരിക്കുകയാണ്.
'നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്. ശ്രീ പിഎം എംഎൽഎ സംഘിക്കുട്ടി' എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായാണ് ശിവൻകുട്ടിയും രംഗത്തെത്തിയത്, 'ഒരു കൂട്ടത്തിന് എന്റെ പേരിലെ 'കുട്ടി' എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്' എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഗർഭഛിദ്ര വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശിവൻകുട്ടിയുടെ കടന്നാക്രമണം എന്ന് പോസ്റ്റിന് പിന്നാലെ കമന്റുകളിൽ നിറഞ്ഞു. ഇതിന് മറുപടിയുമായി രാഹുൽ വീണ്ടും രംഗത്തെത്തി.
കുട്ടി ആണെന്നുള്ളതല്ല, സംഘികൾ കീ കൊടുക്കുമ്പോൾ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നുള്ളതാണ് പ്രശ്നം' എന്നായിരുന്നു രാഹുലിന്റെ ഇന്നത്തെ പോസ്റ്റ്. അതേസമയം, പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം തന്നെ ശിവൻകുട്ടി അറിയിച്ചിരുന്നു. പി എം ശ്രീയുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ, എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാവില്ലെന്നും ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻഇപി) പേരിൽ കോടിക്കണക്കിനു രൂപ നഷ്ടപ്പെടാൻ കേരളം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. എൻഇപി അംഗീകരിക്കില്ലെന്ന് നിലപാടെടുത്തെങ്കിലും ലോകാവസാനംവരെ അതു തുടരണമെന്നില്ലെന്നും എൻഇപിക്ക് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |