
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം പൂർണമായും കേരളത്തിൽ നടപ്പിലാക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസിലായെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ എന്തെങ്കിലും ഡീലുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കോഴിക്കോട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. ദേശീയ വിദ്യാഭ്യാസ നയം ഇനി പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും. പി എം ശ്രീയുടെ കരാര്‍ ഒപ്പിട്ടതിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് എനിക്കറിയില്ല.
സിപിഎമ്മിൽ കരാർ ഒപ്പിട്ടത് പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും മാത്രമാണ് അറിഞ്ഞത്. സിപിഎമ്മിന്റെ മറ്റ് മന്ത്രിമാർ പോലും അറിഞ്ഞില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം ശിവൻകുട്ടിക്ക് മനസിലായി. അതുപോലെ മുഖ്യമന്ത്രിക്കും മനസിലാകുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ സിപിഐ കുരയ്ക്കും പക്ഷേ കടിക്കില്ല. സിപിഐ നിലപാടില്ലാത്ത പാർട്ടിയാണ്.
പി എം ശ്രീയിൽ ഒപ്പ് വെച്ചത് ശരിയായ നിലപാടാണ്. നാലുവർഷം ഇടതുപക്ഷം ഈ പദ്ധതി തടസപ്പെടുത്തിയിരുന്നു. നാലുവർഷം നടപ്പിലാക്കാൻ വൈകിപ്പിച്ചതിന് സർക്കാർ മാപ്പ് പറയണം. ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പി എം ശ്രീ പദ്ധതി. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ഇതിലൂടെ എം വി ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണ്'- സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |