
തൃശൂർ: കമ്മ്യൂണിസംകൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് ജി കോഫി ടൈംസ് എന്ന ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
'ആലപ്പുഴയിൽ എയിംസ് വരുന്നതിൽ രാഷ്ട്രീയവും പ്രാദേശികതയുമല്ല ഞാൻ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂർകാർ പ്രാർത്ഥിക്കണം. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്. ഒരിക്കലും വാക്കുമാറില്ല. മെട്രോ റെയിൽ സർവീസ് തൃശൂരിലേയ്ക്ക് വരുമെന്നും ഞാൻ പറഞ്ഞിട്ടില്ല.
അങ്കമാലി വരെ മെട്രോ പാത എത്തിയതിനുശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേയ്ക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം'- സുരേഷ് ഗോപി വ്യക്തമാക്കി.
'13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണം. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരും'- എന്നാണ് മുൻപ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |