
പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. 30നും 40നും ഇടയിൽ പ്രായമുള്ള, പാരീസിലെ സെയ്ൻ സാൻ ഡെനി സ്വദേശികളാണ് പാരീസ് പൊലീസിന്റെ പിടിയിലായത്. അൽജീരിയയിലേക്ക് കടക്കാൻ ശ്രമിക്കവേ
പാരീസിലെ ചാൾസ് ഡി ഗോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരിൽ ഒരാളെ പിടികൂടിയത്. അധികം വൈകാതെ രണ്ടാമനെയും കസ്റ്റഡിയിലെടുത്തു.
അതേസമയം, കവർന്ന ആഭരണങ്ങളടക്കം ഇവരിൽ നിന്ന് കണ്ടെത്തിയോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഫ്രഞ്ച് മാദ്ധ്യമങ്ങളാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്. വാർത്ത പുറത്തുവിട്ടതിനെ പാരീസ് പ്രോസിക്യൂട്ടർ വിമർശിച്ചു. അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പിടിയിലായവർ മറ്റു പല മോഷണക്കേസുകളിലും പ്രതികളാണെന്ന് സൂചനയുണ്ട്.
കഴിഞ്ഞ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ ലോകത്തെ ഞെട്ടിച്ച കവർച്ച നടന്നത്.
8.8 കോടി യൂറോയുടെ എട്ട് രാജകീയ ആഭരണങ്ങളടക്കമാണ് കവർന്നത്. അതേസമയം, മ്യൂസിയത്തിലെ അമൂല്യ ആഭരണ ശേഖരത്തിൽ ചിലത് സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ബാങ്ക് ഒഫ് ഫ്രാൻസിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |