
ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒരു കുട്ടി പോലുമില്ലാത്ത 7,993 സ്കൂളുകളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ, ഈ സ്കൂളുകളിലായി 20,817 അദ്ധ്യാപകരുണ്ട്. 2024-25 അദ്ധ്യയന വർഷത്തിലെ കണക്കാണിത്. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പക്ഷേ, കുട്ടികളില്ലാത്ത സ്‌കൂളുകളില്ല. അതേസമയം, കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം രാജ്യത്ത് മുൻവർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. 2023-24ൽ 12,954 ആയിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ കുട്ടികൾ പ്രവേശനം നേടാത്ത സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അതത് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ചില സംസ്ഥാനങ്ങൾ ഇത്തരം സ്‌കൂളുകളെ മറ്റു സ്‌കൂളുകളിൽ ലയിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കൂടുതൽ ബംഗാളിൽ
കുട്ടികളില്ലാത്ത സ്കൂളുകളും അദ്ധ്യാപകരും കൂടുതലുള്ളത് പശ്ചിമ ബംഗാളിൽ. സ്കൂളുകൾ 3812, അദ്ധ്യാപകർ 17,965. രണ്ടാം സ്ഥാനത്ത് തെലങ്കാന. 2,245 സ്‌കൂളുകൾ, 1,016 അദ്ധ്യാപകർ. 463 സ്‌കൂളുകളും 223 അദ്ധ്യാപകരുമുള്ള മദ്ധ്യപ്രദേശാണ് മൂന്നാമത്. ഉത്തർപ്രദേശിൽ 81 സ്‌കൂളുകൾ. അദ്ധ്യാപകരുടെ കണക്ക് ലഭ്യമല്ല.
ഏകാദ്ധ്യാപക
സ്‌കൂൾ 1,10,971
1. രാജ്യത്ത് 1,10,971 ഏകാദ്ധ്യാപക സ്‌കൂളുകളുണ്ട്. ഇവിടങ്ങളിലായി 33 ലക്ഷത്തിലേറെ കുട്ടികൾ പഠിക്കുന്നു. കൂടുതലും ആന്ധ്രപ്രദേശിൽ
2. ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമുണ്ട്. ഏകാദ്ധ്യാപക സ്‌കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് ഉത്തർപ്രദേശിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |