
പാലക്കാട്: പ്രതിദിന പാലുത്പാദനം 3.36 ലക്ഷം ലിറ്ററാക്കി റെക്കാഡിട്ട് പാലക്കാട് ജില്ല. 2025 ആഗസ്റ്റിലെ കണക്കാണിത്. കഴിഞ്ഞ വർഷം ഈസമയത്തെക്കാൾ ആറു ശതമാനത്തിന്റെ വളർച്ച. മിൽമ കേരളത്തിൽ കൂടുതൽ പാൽ സംഭരിക്കുന്നതും പാലക്കാട്ട് നിന്നാണ്, 2.49 ലക്ഷം ലിറ്റർ. പ്രതിദിനം 87.5 ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ വേണ്ടത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് മിൽമ അധികപാൽ കേരളത്തിലെത്തിക്കുന്നത്.
ചിറ്റൂർ ക്ഷീരവികസന ബ്ലോക്കിലാണ് പ്രതിദിന പാലുത്പാദനം കൂടുതൽ, 1.70 ലക്ഷം ലിറ്റർ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട്, തൃശൂർ ജില്ലകളിലെ പ്രതിദിന പാൽസംഭരണത്തെക്കാൾ കൂടുതലാണിത്. ക്ഷീരസംഘങ്ങളുടെ പച്ചക്കറിക്കൃഷിയും ചിറ്റൂരിൽ വിജയകരമായി നടപ്പാക്കി. 60 ക്ഷീര സഹകരണ സംഘങ്ങളും 6,100 ക്ഷീരകർഷകരും ചിറ്റൂരിലുണ്ട്. ചിറ്റൂർ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ കണക്കാണിത്. 45,000 കാലികളും ചിറ്റൂരിലുണ്ട്. അതിൽ 20,500 എണ്ണം കറവപ്പശുക്കളാണ്.
കൈത്താങ്ങായി ക്ഷീരവികസന വകുപ്പ്
കർഷകർക്കായി നിരവധി പദ്ധതികളാണ് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്നത്. പെരുമാട്ടി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ എന്നിവിടങ്ങളിൽ ക്ഷീരഗ്രാമം പദ്ധതിയും പ്രഖ്യാപിച്ചു. തീറ്റപ്പുൽക്കൃഷി വികസനം, മിൽക്ക് ഷെഡ്, സ്മാർട്ട് ഡയറി ഫാം തുടങ്ങിയ പദ്ധതികൾ ക്ഷീരവികസനവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്നുണ്ട്. മിൽമ മലബാർമേഖല യൂണിയനും കർഷകർക്ക് അധിക പ്രോത്സാഹന വില നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |