
കോഴിക്കോട്: വയനാട്- കോഴിക്കോട് ജില്ലകളുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്ന ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി. ഇവിടത്തെ യാത്രാക്ലേശത്തിനുകൂടി പരിഹാരമാവുന്ന തുരങ്കപാതയുടെ നിർമ്മാണം അതിവേഗം സാദ്ധ്യമാക്കാനുള്ള പ്രവൃത്തികളാണ് തുടങ്ങിയത്.
തുരങ്കം ആരംഭിക്കുന്ന തിരുവമ്പാടി ആനക്കാംപൊയിൽ മറിപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിർമ്മാണം ആരംഭിച്ചു. നിലവിൽ സ്വർഗം കുന്നിലേക്കെത്തുന്ന, മറിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം പൊട്ടിവീണതിനാൽ കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ച് വഴിയൊരുക്കുകയാണ്. പാലം ചെന്നെത്തുക ടണൽ നിർമ്മിക്കുന്ന സ്വർഗം കുന്നിലാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവും പുരോഗതിയിലാണ്. ബെയ്ലി പാലം മോഡലിലാണ് താത്കാലിക പാലം. പാലം പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിച്ച് സ്വർഗംകുന്ന് ഭാഗത്തെ മണ്ണ് പരിശോധന ആരംഭിക്കും. തുരങ്കപാത അവസാനിക്കുന്ന വയനാട് മേപ്പാടി മീനാക്ഷിയിലും റോഡ് നിർമ്മാണം ആരംഭിച്ചു. ഈ ഭാഗത്തെ മണ്ണ് പരിശോധനയും തുടങ്ങി. ഇവ പൂർത്തിയാവുന്നതോടെ മറിപ്പുഴയിൽ നിർമ്മിക്കുന്ന പ്രധാന പാലത്തിന്റെ പ്രവൃത്തിയും വയനാട് കോഴിക്കോട് ജില്ലകളുടെ ഇരുഭാഗത്തു നിന്നും ഒരേസമയം തുരങ്കത്തിന്റെ നിർമ്മാണവും ആരംഭിക്കും. തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന മുത്തപ്പൻപുഴ ആനക്കാംപൊയിൽ റോഡിന്റെ വീതി കൂട്ടലും പുരോഗമിക്കുകയാണ്.
ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുലീപ് ബിൽഡ് കോൺ കമ്പനിയാണ് നിർമ്മാണപ്രവൃത്തികൾ നടത്തുന്നത്.
നിർമ്മാണം ഇങ്ങനെ
ജനുവരിയോടെ തുരങ്കനിർമ്മാണം ആരംഭിക്കും. സിലിൻഡർ ആകൃതിയിലുള്ള ഭീമാകാരമായ ബോറിംഗ് മെഷീൻ ഉപയോഗിച്ചാണ് തുരങ്കമുണ്ടാക്കുക. തുടക്കഭാഗം ഡ്രില്ല് ചെയ്ത ശേഷം പാറപൊട്ടിച്ച് പാതയൊരുക്കുന്ന ന്യൂ ആസ്ട്രിയൻ ടണലിംഗ് രീതിയാണ് പ്രയോഗിക്കുക. പാറയുടെ ഘടനയും ഉറപ്പും കൃത്യമായി പരിശോധിച്ച ശേഷമേ നിർമ്മാണം തുടങ്ങുകയുള്ളൂ. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ സുരക്ഷാപരിശോധനകൾ നടത്തും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
8.73 കി.മീ. തുരങ്കം
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ നീളത്തിൽ നാലുവരിയിൽ തുരങ്കപാത. ഇതിൽ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങൾ. ഓരോ ടണലും രണ്ടു വരി.
വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററും നീളം. ആറു വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ടത്തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് പാസേജ്.
ആനക്കാം പൊയിലിൽ മറിപ്പുഴയ്ക്ക് കുറുകെ തുരങ്കം ആരംഭിക്കുന്ന സ്വർഗം കുന്നിലേക്ക് 70 മീറ്റർ നീളത്തിൽ പുതിയ പാലം. പാലമിറങ്ങി 200 മീറ്റർ പിന്നിട്ടാൽ തുരങ്കത്തിലേക്ക് കടക്കാം
തുരങ്കപാതയ്ക്ക് വീതി 10മീറ്റർ
തുരങ്കങ്ങൾ തമ്മിലുള്ള അകലം 15 മീറ്റർ
ആവശ്യമുള്ള ഭൂമി: 33 ഹെക്ടർ
5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലും
ചെലവ്: 2134 കോടി രൂപ
2030ഓടെ പൂർത്തിയാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |