
ഹൈദരാബാദ്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ലൈസൻസ് നേടിയ ബസ് ഡ്രൈവർ. മദ്യപിച്ച് അശ്രദ്ധമായി ബൈക്കോടിച്ച യുവാവ്.
മാർഗനിർദ്ദേശങ്ങൾ ലംഘിച്ച ഒരു ട്രാവൽ കമ്പനി. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ച് 20 പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാവരും കുറ്റക്കാരാണ്. റോഡ് സുരക്ഷയിലെ വീഴ്‌ചകൾ എത്രത്തോളം വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം.
അറസ്റ്റിലായ ബസ് ഡ്രൈവർമാരിലൊരാളായ ലക്ഷ്‌മയ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ, അപകടത്തിൽപ്പെട്ടു കിടന്നിരുന്ന ബൈക്കിലേക്ക് ബസ് ഇടിച്ചുകയറുകയാണെന്ന് കണ്ടെത്തി. വേഗതയിൽ വന്ന
ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി ഡിവൈഡറിൽ ഇടിച്ചു. ബൈക്ക് ഓടിച്ചിരുന്ന ശിവശങ്കർ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇയാൾ ശിവശങ്കറിന്റെ മൃതദേഹം റോഡിൽ നിന്ന് മാറ്റി. ബൈക്ക് റോഡിൽ നിന്ന് മാറ്റുംമുമ്പ് ബസ് ഇടിച്ചു. ബൈക്ക് ബസിനടിയിലേക്ക് പോയി. റോഡിലുരഞ്ഞ് ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. ഇതാണ് വൻ ദുരന്തത്തിന് കാരണമായത്.
ബൈക്കിലുണ്ടായിരുന്ന ശിവശങ്കറും എറി സ്വാമിയും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ആ രാത്രി ഭക്ഷണം കഴിച്ചശേഷം പുലർച്ചെ രണ്ടോടെ വീട്ടിലേക്ക് പുറപ്പെട്ടതാണ് ഇരുവരും. ഇടയ്ക്ക് പെട്രോൾ പമ്പിൽ കയറി. ഇതിന്റെ സി.സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. അപകടകരമായ നിലയിൽ ബൈക്ക് ഓടിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അപകടമല്ല, കൂട്ടക്കൊല
മദ്യപിച്ച് വാഹനമോടിക്കുന്നവർ 'ഭീകരവാദികൾ' ആണെന്നും ഇത് 'ഒരു റോഡപകടമല്ല, മറിച്ച് അശ്രദ്ധ മൂലമുണ്ടായ ക്രിമിനൽ പ്രവൃത്തിയാണെന്നും ഹൈദരാബാദ് പോലീസ് കമ്മിഷണർ വി.സി. സജ്ജനാർ പറഞ്ഞു. അപകടമല്ല, കൂട്ടക്കൊലയാണ്. മനപൂർവം വരുത്തിവച്ചതാണ്. അത്തരം ആളുകൾ ഒരു ദയയും പ്രതീക്ഷിക്കണ്ട. അശ്രദ്ധമായി ബസ് ഓടിച്ചതിന്
ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസിന്റെ ട്രാവൽ കമ്പനിക്കെതിരെയുംസമഗ്രമായ അന്വേഷണം നടക്കുകയാണ്.
സുരക്ഷാ പരിശോധന ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ, ജനൽ തകർക്കുന്ന ചുറ്റികകൾ പോലുള്ള അടിയന്തര ഉപകരണങ്ങളുടെ അഭാവം തുടങ്ങി നിരവധി പാളിച്ചകൾ ബസ് ട്രാവൽ കമ്പനി വരുത്തിയിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ലൈസൻസ് നേടുന്നത് രാജ്യത്ത് സാധാരണമാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2023 ൽ മദ്യപിച്ച് വാഹനമോടിച്ചതുമൂലം 2,690 അപകടങ്ങൾ ഉണ്ടായി. 1,442 പേരുടെ ജീവൻ അപഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |