
ഇസ്ലാമാബാദ്: ബോളിവുഡ് താരം സൽമാൻ ഖാനെ ഭീകരവാദ പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ. ഭീകരവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന ഭീകരവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിലാണ് സൽമാന്റെ പേര് ഉൾപ്പെടുത്തിയത്. റിയാദിൽ നടന്ന ജോയ് ഫോറം 2025ൽ സംസാരിക്കവേ സൽമാൻ ബലൂചിസ്ഥാനെയും പാകിസ്ഥാനെയും രണ്ടായി പറഞ്ഞതാണ് കാരണം. ഭീകരവാദവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുന്നവർക്കുമേൽ കർശനമായ നിരീക്ഷണമാണുണ്ടാകുക. സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. നിയമനടപടികൾക്കുള്ള സാദ്ധ്യതയുമുണ്ട്.
'ഇപ്പോൾ നിങ്ങൾ ഒരു ഹിന്ദി സിനിമയെടുത്ത് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കിൽ മലയാള സിനിമ എടുത്താൽ അത് കോടിക്കണക്കിന് രൂപയുടെ ബിസിനസ് നേടും. കാരണം മറ്റ് രാജ്യങ്ങളിൽനിന്ന് നിരവധി ആളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ബലൂചിസ്താനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു" എന്നായിരുന്നു പരാമർശം.
സൽമാന്റെ പരാമർശത്തെ ബലൂച് നേതാക്കൾ സ്വാഗതം ചെയ്തു. വിഷയത്തിൽ സൽമാൻ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |