
ട്രംപിന്റെ ഏഷ്യൻ പര്യടനം തുടങ്ങി
വ്യാപാര കരാറുകൾ പോക്കറ്റിൽ
തായ് - കംബോഡിയ വെടിനിറുത്തൽ കരാറിൽ ഒപ്പിട്ടു
ക്വാലാലംപൂർ: തായ്‌ലൻഡും കംബോഡിയയും തമ്മിലെ വെടിനിറുത്തൽ ദൃഢമാക്കിയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി വ്യാപാര കരാറുകളിലെത്തിയും ആസിയാൻ ഉച്ചകോടിയിൽ ശ്രദ്ധനേടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിലാണ് 47-ാമത് ആസിയാൻ (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടി തുടങ്ങിയത്. 2017ന് (ട്രംപിന്റെ ഒന്നാം ടേം) ശേഷം ആദ്യമായാണ് ട്രംപ് ആസിയാനിൽ നേരിട്ട് പങ്കെടുത്തത്.
ഉച്ചകോടിയിൽ ട്രംപിന്റെ അദ്ധ്യക്ഷതയിൽ, അതിർത്തിയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള വിപുലീകരിച്ച വെടിനിറുത്തൽ കരാറിൽ തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുലും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും ഒപ്പിട്ടു.
ഇക്കഴിഞ്ഞ ജൂലായി 24ന് അതിർത്തിയിൽ തായ്-കംബോഡിയൻ സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിലായി 35ലേറെ പേർ കൊല്ലപ്പെട്ടു.
തുടർന്ന് ജൂലായ് 28ന് യു.എസിന്റെ ഏകോപനത്തോടെ മലേഷ്യയിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിലൂടെ ഇരുരാജ്യങ്ങളും വെടിനിറുത്തൽ നടപ്പാക്കി. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യു.എസ് വ്യാപാര കരാറിൽ ഏർപ്പെടില്ലെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങൾക്കും നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേ സമയം, ഇന്ത്യ-പാക് സംഘർഷം അടക്കം താൻ പരിഹരിച്ചെന്ന് ട്രംപ് ഇന്നലെയും ആവർത്തിച്ചു.
അഞ്ച് ദിവസത്തെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ട്രംപ് ഇന്ന് ജപ്പാനിലെത്തും. പ്രധാനമന്ത്രി സനേ തകൈചിയുമായി ചർച്ച നടത്തും. 29ന് അപെക് ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് ദക്ഷിണ കൊറിയയിലെത്തും. ഗാസ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ ക്വാലാലംപൂരിൽ ഇന്നലെ ട്രംപിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
# ഡാൻസ് വൈറൽ
ഉച്ചകോടയിൽ പങ്കെടുക്കാൻ ക്വാലാലംപൂർ വിമാനത്താവളത്തിലെത്തിയ ട്രംപ്, അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയ മലേഷ്യൻ നർത്തകർക്കൊപ്പം ചുവടുവച്ചത് വൈറലായി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. തുടർന്ന് ട്രംപിന്റെ കാറിൽ ഇരുവരും ആസിയാൻ വേദിയിലെത്തി.
# വ്യാപാര കരാറുകൾ
വ്യാപാര യുദ്ധം ഒഴിവാക്കാൻ യു.എസ്-ചൈന ഉദ്യോഗസ്ഥരുടെ ചർച്ച ആസിയാന് സമാന്തരമായി നടന്നു. വ്യാപാര കരാറിനായി വിജയകരമായ ഒരു ചട്ടക്കൂട് ആവിഷ്കരിച്ചു. 30ന് ദക്ഷിണ കൊറിയയിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ച കരാറിന്റെ ഗതി നിർണയിക്കും
മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവരുമായി വ്യാപാര കരാറുകളിൽ ട്രംപ് ഒപ്പിട്ടു. നാല് രാജ്യങ്ങളും യു.എസിന്റെ ബോയിംഗ് വിമാനങ്ങൾ വാങ്ങും
യു.എസിലേക്കുള്ള അപൂർവ്വ ധാതുക്കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തുകയോ ക്വോട്ട ഏർപ്പെടുത്തുകയോ ചെയ്യില്ലെന്ന് മലേഷ്യ അറിയിച്ചു
ഇറക്കുമതി തീരുവയായി മലേഷ്യ, തായ്‌ലൻഡ്, കംബോഡിയ എന്നിവർക്ക് ഏർപ്പെടുത്തിയ 19 ശതമാനവും വിയറ്റ്നാമിന് ഏർപ്പെടുത്തിയ 20 ശതമാനവും നിലനിൽക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു
ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. ബ്രസീലിയൻ ഇറക്കുമതികൾക്ക് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ കുറയ്ക്കാൻ ലൂല ലക്ഷ്യമിടുന്നു
# വീണ്ടും നോബൽ പ്രതീക്ഷ
തായ്‌ലൻഡുമായി സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിനെ സമാധാന നോബൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്ത് കംബോഡിയ. സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾക്ക് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് നന്ദി പറഞ്ഞു.
# എയർഫോഴ്സ് വണ്ണിൽ ചർച്ച
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി തന്റെ വിമാനമായ എയർഫോഴ്സ് വണ്ണിനുള്ളിൽ കൂടിക്കാഴ്ച നടത്തി ട്രംപ്. മലേഷ്യയിലേക്കുള്ള യാത്രാമദ്ധ്യേ ദോഹയിലുള്ള യു.എസിന്റെ അൽ-ഉദെയ്ദ് എയർ ബേസിൽ ഇന്ധനം നിറയ്ക്കാനായി എയർഫോഴ്സ് വൺ ഇറങ്ങിയപ്പോഴായിരുന്നു ചർച്ച. ഗാസയിൽ യു.എസ് ആവിഷ്കരിച്ച സമാധാന പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്തതിന് ട്രംപ് അൽ താനിക്ക് നന്ദി അറിയിച്ചു.
# ഈസ്റ്റ് ടിമോർ ആസിയാനിൽ
ഈസ്റ്റ് ടിമോർ ആസിയാനിലെ 11-ാം അംഗമായി. 2002ലാണ് ഈസ്റ്റ് ടിമോർ ഇൻഡോനേഷ്യയിൽ നിന്ന് സ്വതന്ത്രമായത്. 2011ലാണ് ആസിയാൻ അംഗത്വത്തിനായി ഈസ്റ്റ് ടിമോർ അപേക്ഷ സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |