
പൂജപ്പുരയിലെ ആ ട്രാക്കിൽ വച്ച് ആദ്യമായി റോളർ സ്കേറ്റിംഗ് കണ്ടപ്പോൾ രണ്ടു വയസുകാരി ഋതു നന്ദയുടെ മനസിൽ കൗതുകമായിരുന്നു. പിന്നീട് രണ്ടര വയസിൽ കാലിൽ അണിഞ്ഞ ചക്രഷൂസുകളിലൂടെ റോളർ സ്കേറ്റിംഗിൽ ഋതു നന്ദ പറന്നെടുത്തത് നിരവധി മെഡലുകൾ. ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 2019 മുതൽ തുടർച്ചയായി ആറുവട്ടമാണ് ഈ മിടുക്കി മെഡലുകൾ തന്റെ വീടിന്റെ ഷോകേസിലെത്തിച്ചത്. ഇതിൽ കഴിഞ്ഞ വർഷം മൈസുരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്പീഡ് സ്കേറ്റിംഗ് വിഭാഗത്തിൽ മൂന്നു സ്വർണ മെഡലുകളാണ് ഋതു നന്ദ നേടിയത്.
കരമന തമലം കേശവൻ നായർ റോഡ് ഋതു ദീപത്തിൽ വിനോദിന്റെയും ദീപയുടെയും മകളാണ് ഋതുനന്ദ.. തിരുവനന്തപുരം .യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ആദ്യമായി റോളർ സ്കേറ്റിംഗിൽ സ്വർണമെഡൽ നേടുന്ന വനിത എന്ന റെക്കാഡും ഋതു നന്ദയ്ക്കാണ്. റോളർ സ്കേറ്റിംഗിൽ അച്ഛനും അമ്മയും നൽകുന്ന പ്രോത്സാഹനം വലുതാണെന്ന് ഋതുനന്ദ പറയുന്നു. ഒപ്പം വിളവൂർക്കൽ റാംസ് ബോൾട്ട് അക്കാഡിമിയിലെ കോച്ച് ഹരിദാസിന്റെ ചിട്ടയായ പരിശീലനവും മെഡൽ നേട്ടത്തിന് തുണച്ചു.
2016 മുതലാണ് ഋതുനന്ദ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് തുടങ്ങിയത്. എന്നാൽ ആദ്യ മെഡൽ നേടിയത് 2019ൽ വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിലാണ്. സ്പീഡ് സ്കേറ്റിഗ് വിഭാഗത്തിലായിരുന്നു മെഡൽ. പിന്നീട് 2020ൽ രണ്ട് സ്വർണം, 2021ൽ വെങ്കലം, , 2023ൽ രണ്ട് സ്വർണം, ഒരു വെള്ളി എന്നിവ നേടി. 2024ൽ മൈസുരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പറന്നെടുത്തത് മൂന്ന് സ്വർണം. ആദ്യമായാണ് കേരളത്തിന് വേണ്ടി ഒരു വനിതാ താരം മത്സരിച്ച മൂന്നിനങ്ങളിലും സ്വർണം നേടുന്നത്. ദേശീയ സ്കൂൾ ഗെയിംസിലും ചാമ്പ്യനാണ്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മെഡൽ നേട്ടം കൊയ്യുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പ്രോത്സാഹനം ഉണ്ടാകുന്നില്ലെന്ന് ഋതുനന്ദ പറയുന്നു. റോളർ സ്കേറ്റിംഗിനുള്ള എക്യുപ്മെന്റ്സിന് നല്ല വില വരും. പലപ്പോഴും സ്പോൺസർഷിപ്പിലും സ്വന്തം കൈയിൽ നിന്നുാണ് എക്യുപ്മെന്റിസ് വാങ്ങാൻ പണം കണ്ടെത്തുന്നത്. കോച്ച് ഹരിദാസും ഇക്കാര്യം ശരിവ.യ്ക്കുന്നു. റോളർ സ്കേറ്റിംഗിനായി സംസ്ഥാനതലത്തിൽ നല്ല ഒരു ബാങ്കഡ് ട്രാക്ക് പോലുമില്ലെന്നും ഹരിദാസ് ചൂണ്ടിക്കാട്ടി, പെരുമ്പാവൂരിലും പാലക്കാട്ടും റോളർ സ്കേറ്റിംഗിനുള്ള സ്വകാര്യ ബാങ്കഡ് ട്രാക്കുകളിൽ മണിക്കൂറുകൾക്ക് പണം നൽകിയാണ് പലപ്പോഴും പരിശീലനം നടത്തുന്നത്. വിജനമായ സർവീസ് റോഡുകളാണ് പലപ്പോഴും സ്കേറ്റിംഗ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ബാസ്കറ്റ് ബാൾ കോർട്ടുകളും ഇവർ ട്രാക്കായി ഉപയോഗിക്കുന്നു.
തങ്ങളുടെ എഫർട്ട് പലപ്പോഴും അധികൃതരും ജനങ്ങളും തിരിച്ചറിയുന്നില്ലെന്ന പരാതിയുണ്ട് ഋതു നന്ദയ്ക്ക്. തമിഴ്നാട്ടിലും മറ്റും മെഡൽ നേടിയവർക്ക് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാറുണ്ട്. അവർക്ക് കിട്ടിയതിലല്ല, ഞങ്ങളെയും പരിഗണിക്കണമെന്നാണ് ഋതു നന്ദ പറയുന്നത്. റോളർ സ്കേറ്റിംഗും ഒരു കായിക ഇനമാണ്. അതിൽ ഞങ്ങളെപ്പോലുള്ളവർ മെഡൽ നേടുന്നുണ്ട്.. അതാരും അറിയുന്നില്ല എന്ന സങ്കടവും ഋതു നന്ദ പങ്കുവച്ചു.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി മെഡൽ നേടുക എന്നതാണ് ഈ പെൺകുട്ടിയുടെ സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ് ഈ പെൺകുട്ടി. ലോകചാമ്പ്യൻഷിപ്പിൽ റോളർ സ്കേറ്റിംഗിൽ ഇന്ത്യക്കായി സ്വർണം നേടിയ തമിഴ് നാട് സ്വദേശിയായ ആനന്ദ് കുമാറാണ് ഇക്കാര്യത്തിൽ ഋതു നന്ദയുടെ പ്രചോദനം. ആനന്ദകുമാറിന്റെ നേട്ടം ആവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഋ തുനന്ദ പറയുന്നു. ആ ലക്ഷ്യം കൈവരിക്കാൻ കൂട്ടായി ഒപ്പം മാതാപിതാക്കളായ വിനോദും ദീപയും കോച്ച് ഹരിദാസും ഒപ്പമുണ്ടെന്ന ആത്മവിശ്വാസവും ഋതുനന്ദയ്ക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |