
രുചിയിൽ കേമനാണെങ്കിലും അധികമാർക്കും അത്ര പ്രിയമല്ലാത്ത വിഭവമാണ് ഗ്രീൻപീസ് കറി. കൃത്യമായി ഉണ്ടാക്കാൻ അറിയില്ല എന്നതാണ് ഗ്രീൻപീസിൽ നിന്ന് പലരെയും അകറ്റുന്നത്. എന്നാൽ എത്ര ഇഷ്ടമില്ലാത്തവരെയും ഫാൻ ആക്കുന്ന രീതിയിൽ ഗ്രീൻപീസ് കറിയുണ്ടാക്കാൻ പഠിച്ചാലോ?
ആദ്യം ഒരു കപ്പ് ഗ്രീൻപീസ് എടുക്കണം. ഇത് നന്നായി കഴുകിയതിനുശേഷം രണ്ട് കപ്പ് വെള്ളത്തിൽ കുറഞ്ഞത് ആറുമണിക്കൂർ കുതിരാൻ വയ്ക്കണം. ശേഷം ഗ്രീൻപീസ് കുക്കറിലിട്ട് അതിനോടൊപ്പം ഒരു മീഡിയം വലിപ്പമുള്ള ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത്, ഒരു വലിയ സവാള ചെറുതായി നുറുക്കിയത്, ഒരു ചെറിയ കഷ്ണം ഇഞ്ചി, അഞ്ച് അല്ലി വെളുത്തുള്ളി എന്നിവ ചതച്ചത്, ഒന്നോ രണ്ടോ പച്ചമുളക് രണ്ടായി കീറിയത്, ആവശ്യത്തിന് ഉപ്പ്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചുവച്ച് വേവിക്കണം.
ആദ്യത്തെ വിസിൽ ഫ്ളെയിം കൂട്ടിവച്ചും മൂന്നെണ്ണം കുറച്ചുവച്ചും വേവിക്കണം. പ്രഷർ പോയതിനുശേഷം കുക്കർ തുറക്കാം. ഇനി ഒരു തവി ഉപയോഗിച്ച് ഉരുളക്കിഴങ്ങും ഗ്രീൻപീസും നന്നായി ഉടയ്ക്കണം. ഇനി ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ രണ്ട് ടേബിൾ സ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കണം. ഇതിലേയ്ക്ക് രണ്ട് ഏലയ്ക്കയുടെ കുരു, രണ്ട് കറുവാപ്പട്ട, രണ്ട് കരയാമ്പൂ എന്നിവ ചേർക്കണം. മീഡിയം ഫ്ളെയിമിൽ എല്ലാം മൂപ്പിച്ചതിനുശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഒരു ടീസ്‌പൂൺ ഉപ്പ് ചേർത്ത് വഴറ്റണം.
ഉള്ളി നന്നായി വഴണ്ട് വന്നതിനുശേഷം അര ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്‌പൂൺ കുരുമുളകുപൊടി, രണ്ട് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയതിനുശേഷം നേരത്തെ വേവിച്ചുവരിച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്തിളക്കണം. ആവശ്യമെങ്കിൽ ഉപ്പ്. കുരുമുളക് പൊടി, നെയ്യ് എന്നിവകൂടി ചേർക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |