
കൊച്ചി: ആഗോള കുരുമുളക് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്കായി ഉത്പാദന രാജ്യങ്ങൾക്കിടയിൽ സഹകരണം, സുസ്ഥിരത, നവീകരണം തുടങ്ങിയവ ഉറപ്പാക്കണമെന്ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റി (ഐ.പി.സി) യുടെ 53ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംഗീത.
ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം രൂപപ്പെടുത്തുന്നതിലും കുരുമുളക് മേഖലയിലെ സമഗ്രവളർച്ചയെ നയിക്കുന്നതിലും ഇന്ത്യയുടെ പങ്ക് നിർണായകമാണ്.
ഐ.പി.സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മറീന എൻ. അംഗ്രയ്‌നി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വാണിജ്യമന്ത്രാലയവും സ്‌പൈസസ് ബോർഡും ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരശൃംഖല ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികളും പ്രതിരോധശേഷി കൂടിയ കുരുമുളക് ഇനങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്തു. ബിസിനസ് യോഗത്തിൽ ഗ്രിഫിത്ത് ഫുഡ്‌സിന്റെ ഉപസ്ഥാപനമായ ടെറോവയുടെ വൈസ് പ്രസിഡന്റ് ഗിരിധർ റാവു, സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ്, അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ലോറ ഷുമോവ്, സ്‌കോർപിയോൺ പ്രതിനിധി അന്ന സ്‌ട്രെൽസ്, എ.വി.ടി മക്കോർമിക്ക് ഇൻഗ്രീഡിയന്റ്‌സ് എം.ഡി. സുഷമ ശ്രീകണ്ഠത്ത്, ഐ.പി.സി കൺസൽട്ടന്റ് ജസ്‌വീന്ദർ സിംഗ് സേഥി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |