
ടാറ്റ ട്രസ്‌റ്റ്‌സിലെ പോര് വിനയാകും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പ്രധാന ജീവകാരുണ്യ സ്ഥാപനമായ ടാറ്റ ട്രസ്‌റ്റ്‌സിൽ നിന്ന് മെഹ്‌ലി മിസ്ട്രി പുറത്തായതോടെ ടാറ്റ ഗ്രൂപ്പ് രൂക്ഷമായ നിയമ പോരാട്ടത്തിലേക്ക് നീങ്ങിയേക്കും. രത്തൻ ടാറ്റയുടെ മരണശേഷം ടാറ്റ ഗ്രൂപ്പ് നേരിടുന്ന വലിയ പ്രതിസന്ധിയാണിതെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 400ൽ അധികം സ്ഥാപനങ്ങളുടെ ഉടമകളായ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്‌റ്റ്‌സിലെ അധികാര തർക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കും. മിസ്ട്രിയെ പിന്തുണക്കുന്നവർ ട്രസ്‌റ്റിലുള്ളതിനാൽ ഭാവിയിൽ അഭിപ്രായ വ്യത്യാസം ഏറാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്. ടാറ്റ സൺസിന്റെ ബോർഡിലേക്ക് മൂന്നിലൊന്ന് അംഗങ്ങളെ നിയമിക്കാനും തീരുമാനങ്ങൾ വീറ്റോ ചെയ്യാനും ട്രസ്‌റ്റുകൾക്ക് അധികാരമുണ്ട്.
തിരിച്ചടിയായത് വാക്കു വ്യത്യാസം
കാലാവധി കഴിയുന്നവർക്ക് പുനർ നിയമനം ലഭിച്ചാൽ ലൈഫ് ടൈം ട്രസ്‌റ്റികളായി തുടരാമെന്ന ഭേദഗതി രത്തൻ ടാറ്റയുടെ മരണ ശേഷം പാസാക്കിയിരുന്നു. വേണു ശ്രീനിവാസനെ പുനർനിയമിക്കുന്നതിന് കഴിഞ്ഞ വാരം മെഹ്‌ലി മിസ്‌ട്രി പിന്തുണച്ചിരുന്നു. എല്ലാ ട്രസ്‌റ്റികൾക്കും പുനർനിമയനം ബാധകമാക്കണമെന്ന നിബന്ധനയോടെതാണ് മിസ്‌ട്രി അനുകൂലിച്ചത്. ബോർഡിൽ ആരെങ്കിലും എതിർത്താൽ പുനർനിയമനം നടക്കില്ല. അതിനാൽ പുതിയ സാഹചര്യത്തിൽ തർക്കം കോടതിയിലേക്ക് നീങ്ങിയേക്കും.
ആരാണ് മെഹ്‌ലി മിസ്ട്രി
രത്തൻ ടാറ്റയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന മെഹ്‌ലി മിസ്‌ട്രി 2022ൽ മൂന്ന് വർഷത്തേക്കാണ് ടാറ്റ ട്രസ്‌റ്റ്‌സിൽ എത്തുന്നത്. കുടുംബ ബന്ധങ്ങൾ പോലും തിരസ്കരിച്ച് രത്തൻ ടാറ്റയുടെ പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്നയാളാണ് അദ്ദേഹം. ടാറ്റ സൺസിന്റെ ചെയർമാനായിരുന്ന അന്തരിച്ച സൈറസ് മിസ്ട്രിയുടെ അടുത്ത ബന്ധുവാണ്. ടാറ്റ സൺസിന്റെ ഡയറക്‌ടർ ബോർഡിൽ വിജയ് സിംഗിനെ പുനർനിയമിക്കുന്നതിനെതിരെ മെഹ്‌ലി മിസ്ട്രിയുടെ നേതൃത്വത്തിൽ ട്രസ്‌റ്റികൾ വോട്ടുചെയ്തതാണ് സംഘർഷം ശക്തമാക്കിയത്.
ടാറ്റ സൺസിൽ ടാറ്റ ട്രസ്‌റ്റ്‌സിന്റെ ഓഹരി പങ്കാളിത്തം
66 ശതമാനം
ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം
18.6 ശതമാനം
ട്രസ്‌റ്റുകളുടെ കരുത്ത്
ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ രണ്ട് ട്രസ്‌റ്റുകൾക്കും 51 ശതമാനം ഓഹരികളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |