
നിക്ഷേപകർക്ക് ആവേശം നഷ്‌ടമാകുന്നു
കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില ഇന്നലെയും തകർന്നടിഞ്ഞു. പവൻ വില 1,800 രൂപ ഇടിഞ്ഞ് 88,600 രൂപയിലെത്തി. ഗ്രാമിന്റെ വില 225 രൂപ കുറഞ്ഞ് 11,075 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 600 രൂപയും ഉച്ചയ്ക്ക് ശേഷം 1,200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ നിക്ഷേപകരും സ്വർണ പണയ സ്ഥാപനങ്ങളും ബാങ്കുകളും കടുത്ത ആശങ്കയിലായി. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം മാറ്റുന്നത് ജുവലറികൾക്കും തിരിച്ചടിയായി.
അമേരിക്കയും ചൈനയും വ്യാപാര ധാരണയിലെത്തുമെന്ന വാർത്തകളാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത്. ഈ വാരം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള ചർച്ചയിൽ വ്യാപാര കരാർ ഒക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങികൂട്ടിയ ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും സ്വർണ വിൽപ്പന ശക്തമാക്കി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും സ്വർണത്തിലെ നിക്ഷേപ താത്പര്യം കുറച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,887 ഡോളർ വരെ താഴ്ന്നു.
പത്ത് ദിവസത്തിൽ 8,760 രൂപ കുറഞ്ഞു
ഒക്‌ടോബർ 17ന് വില 97,360 രൂപയിലെത്തി റെക്കാഡിട്ടതിനു ശേഷം പത്ത് ദിവസത്തിനിടെ പവന് 8,760 രൂപയാണ് കുറഞ്ഞത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഡൊണാൾഡ് ട്രംപ് വ്യാപാര കരാർ ഒപ്പുവച്ചതാണ് ലോകമൊട്ടാകെ നിക്ഷേപകരുടെ ആശങ്കകൾ ഒഴിവാക്കുന്നത്. ഫെഡറൽ റിസർവ് അടുത്ത ദിവസം പലിശ കുറച്ചില്ലെങ്കിൽ സ്വർണ വില ഇനിയും താഴും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |