
കൊച്ചി: ഭാരതാംബ വിവാദത്തെ തുടർന്ന് രജിസ്ട്രാർ സസ്‌പെൻഷനിലായ സാഹചര്യം നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യുമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഹൈക്കോടതിയിൽ അറിയിച്ചു. കോടതി നിർദ്ദേശിച്ചിട്ടും യോഗം ബോധപൂർവം വൈകിക്കുകയാണെന്നും രജിസ്ട്രാറുടെ സസ്പെൻഷൻ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് വിശദീകരണം.
യോഗ നടപടികൾ റെക്കോർഡ് ചെയ്യാൻ നിർദ്ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സർവകലാശാല അംഗീകരിച്ചു. ഇത് കോടതി രേഖപ്പെടുത്തി. സിൻഡിക്കേറ്റ് യോഗത്തിൽ അംഗങ്ങൾ അച്ചടക്കവും ഉത്തരവാദിത്വവും പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു.
സിൻഡിക്കേറ്റ് പുന:സ്ഥാപിച്ചിട്ടും സസ്പെൻഷൻ തുടരുകയാണെന്നും ജോലി തടസപ്പെടുത്തുന്ന വിധം വൈസ് ചാൻസലർ പല ഉത്തരവുകളും പുറപ്പെടുവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനിൽകുമാർ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സിൻഡിക്കേറ്റ് യോഗം വീണ്ടും വിളിച്ച് ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകി. ഇത് പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് അഡ്വ. ജി. മുരളീധരൻ പിള്ളയടക്കമുള്ള സിൻഡിക്കേറ്റ് അംഗങ്ങളുടെ ഹർജി. വിഷയം നവംബർ 10ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |