
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിജയകരമായി കൊടിയിറങ്ങിയ കായികമേളയിൽ വിസ്മയമായത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ജർമ്മൻ ഹാംഗർ ടെക്നോളജിയിൽ തീർത്ത പന്തലിനുള്ളിലെ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങളായിരുന്നു. ഇടുക്കി പാമ്പനാർ സ്കൂളിലെ കായികാദ്ധ്യാപകനും ഒന്നരപ്പതിറ്റാണ്ടിലേറെയായി സ്കൂൾ കായികമേളകളുടെ സംഘാടനത്തിലെ മുഖ്യകണ്ണിയുമായ ഷിജു.കെ.ദാസാണ് പന്തലിനുള്ളിലെ സ്റ്റേഡിയങ്ങളെന്ന ആശയം വിജയകരമാക്കാൻ ചുക്കാൻ പിടിച്ചത്. കായികാദ്ധ്യാപകരായ ഡോ. ജോസ് ജോൺ (ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ തൃക്കുന്നത്ത്), മുഹമ്മദ് അലി( കണ്ണൂർ) എന്നിവരും ഒപ്പമുണ്ടായിരുന്നു.
മത്സരവേദികളെക്കുറിച്ചുള്ള ആലോചന മാസങ്ങൾക്ക് മുന്നേതുടങ്ങിയിരുന്നു. ഒളിമ്പിക് വില്ലേജ് എന്ന കൺസെപ്റ്റിൽ പലമത്സരങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് ജർമ്മൻ പന്തലിലെത്തിച്ചത്. പിന്നീട് ഇതേപ്പറ്റികൂടുതൽ പഠിച്ചു. സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷിന്റേയും വിദ്യാഭ്യാവകുപ്പിലെ മറ്റ് ഉന്നതഉദ്യോഗസ്ഥരുടേയും മന്ത്രിയുടേയും പിന്തുണ കിട്ടിയതോടെ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങി. കാലാവസ്ഥയുൾപ്പടെയുള്ള പരാതികളെ തരണംചെയ്താണ് മേളയ്ക്ക് മുമ്പ് റെഡിയാക്കിയത്. കബഡി,ഖൊഖോ,കളരി,ഗുസ്തി, യോഗ,പവർ ലിഫ്ടിംഗ്,ഫെൻസിംഗ് തുടങ്ങിയ ഒരുഡസനോളം ഇനങ്ങളാണ് പന്തലിൽ എട്ടുദിവസമായി നടന്നത്. 30 ലക്ഷത്തോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മേളകഴിഞ്ഞ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പൂർവസ്ഥിതിയിലേക്ക് മാറ്റുന്നത് കഴിയുമ്പോഴേ മുഴുവൻ ചെലവ് അറിയാനാകൂ.
സോഫ്ട്‌വെയറിൽ തുടക്കം
കായികമേള പൂർണമായി സോഫ്ട്‌വെയറിലേക്ക് മാറിയ 2009 മുതലാണ് ഷിജുവിന്റെ സേവനം വിദ്യാഭ്യാസവകുപ്പ് കാര്യമായി പ്രയോജനപ്പെടുത്തുന്നത്. കായികാദ്ധ്യാപകനെങ്കിലും ഐ.ടിയിൽ പുലിയായ ഷിജു നൂറുകണക്കിന് മത്സരഫലങ്ങളും ആയിരക്കണക്കിന് കായികതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലൈവുമൊക്കെ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തി. ഇപ്പോൾ സോഫ്ട്‌വെയർ കൈകാര്യം ചെയ്യുന്നതിന് മാത്രമായി 50 ഓളം പേരുണ്ട്. 2002 ൽ കായികാദ്ധ്യാപകനായി ജോലി തുടങ്ങിയ ഷിജു കൈറ്റിൽ മാസ്റ്റർ ട്രെയിനറുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |