
സ്പോർട്സ് സ്കൂളുകളിൽ ജി.വി രാജ ചാമ്പ്യൻസ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങുമ്പോൾ സ്‌പോർട്‌സ് ഹോസ്റ്റലുകളുടെ വിഭാഗത്തിൽ ജി.വി. രാജ സ്‌കൂൾ ജേതാക്കളായി. 57 പോയിന്റാണ് തിരുവനന്തപുരം മൈലം ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സി.എസ്.എച്ച്. വയനാടിന് ലഭിച്ചത് എട്ട് പോയിന്റാണ്. സായി കൊല്ലത്തിനും ഇത്രതന്നെ പോയിന്റേ ലഭിച്ചുള്ളൂ. അക്വാട്ടിക്സിലും ഗെയിംസിനങ്ങളിലും ഏറെ മുന്നിൽനിന്ന തിരുവനന്തപുരത്തിന് തിളങ്ങാനാവാതെപോയത് അത്‌ലറ്റിക്‌സിലാണ്. ആകെ 69 പോയിന്റാണ് അത്‌ലറ്റിക്സിൽ തിരുവനന്തപുരത്തിന് നേടാനായത്. അതിൽ 57 പോയിന്റും ജി.വി. രാജയിൽ നിന്നാണ്.
ആകെ 17 ഇനങ്ങളിൽനിന്നായി ഏഴ് സ്വർണവും ആറ് വെള്ളിയും നാലു വെങ്കലങ്ങളുമാണ് ജി.വി രാജയിലെ കുട്ടികൾ നേടിയെടുത്തത്. ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ ജി.വി. രാജയിലെ ശ്രീഹരി കരിക്കൻ പുതിയ റെക്കാഡ് സൃഷ്ടിക്കുകയും ചെയ്തു. 400 മീ. ഹഡിൽസിൽ 54.14 സെക്കൻഡിലായിരുന്നു ശ്രീഹരിയുടെ ഫിനിഷിംഗ്. ഹഡിൽസിൽ മൂന്ന് സ്വർണമാണ് ജി.വി രാജയിലെത്തിയത്.
ഇതിന് പുറമേ 100 മീ. റിലേ സബ് ജൂനിയർ വിഭാഗത്തിലൂടെ വെള്ളിയും ആറ് പോയിന്റും നേടിയെടുത്ത ടീമിലും ജി.വി. രാജ സ്പോർട്സ് സ്‌കൂളിന്റെ സാന്നിധ്യമുണ്ട്. രണ്ട് സ്വർണങ്ങൾ പ്രതീക്ഷിച്ചിരുന്ന കഴിഞ്ഞ മീറ്റിലെ ബെസ്റ്റ് അത്‌ലറ്റ് മുഹമ്മദ് അഷ്ഫാക്ക് സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പോയതിനാൽ ഇത്തവണ സ്‌കൂൾ മീറ്റിൽ പങ്കെടുത്തിരുന്നില്ല. 49 കുട്ടികളാണ് ജി.വി രാജ സ്കൂളിൽ നിന്നും മത്സരത്തിനിറങ്ങിയത്.
" കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. കൂടുതൽ മെഡലും നേടി. അടുത്ത തവണ ഇതിലും കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ.
അജിമോൻ കെ. എസ്. അത്‌ലറ്റിക്സ് ഹെഡ് കോച്ച് ജി. വി രാജ."
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |