
ചിത്രീകരണം അടുത്ത വർഷം
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കല്ലറ മാനിഫെസ്റ്റോ എന്നു പേരിട്ടു. അന്ന ബെൻ നായികയായ ഹെലനു ശേഷം മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിമൽ ഗോപാലകൃഷ്ണൻ രചന നിർവഹിക്കുന്നു. അഭിനവ് സുന്ദർ നായ്ക് സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ പങ്കാളി ആണ് വിമൽ ഗോപാലകൃഷ്ണൻ. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.
സെവൻസ്, ഓർഡിനറി, വൈറസ്, ട്രാഫിക്, മോഹൻകുമാർ ഫാൻസ്, രാജമ്മ അറ്റ് യാഹൂ, ടേക്ക് ഒഫ്, മല്ലൂ സിംഗ്, 2018 തുടങ്ങി നിരവധി ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ഒരുമിച്ചിട്ടുണ്ട്. അതേസമയം മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റും രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ഒരു ദുരൂഹ സാഹചര്യത്തിലും പൂർത്തിയാക്കിയ ചാക്കോച്ചൻ എഡിറ്റർ കിരൺദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിച്ച് തുടങ്ങി. ഷാഹി കബീറിന്റേതാണ് രചന.
ഷാഹി കബീറിന്റെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി ഒരുക്കിയ ജീത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം, നിതീഷ് സഹദേവിന്റെ അസോസ്സിയേറ്റ് രഞ്ജിത്ത് വർമ്മ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നിവയാണ് ചാക്കോച്ചനെ കാത്തിരിക്കുന്ന പ്രോജക്ടുകൾ. രോഹിത്. വി.എസ് സംവിധാനം ചെയ്യുന്ന ടിക്കിടാക്ക ആണ് ചിത്രീകരണം പുരോഗമിക്കുന്ന ആസിഫ് അലി ചിത്രം. മധുര മനോഹര മോഹത്തിനുശേഷം സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |