
ബീഹാർ തലസ്ഥാനമായ പാട്‌നയിൽ നിന്ന് മിഥിലാഞ്ചൽ മേഖലയിലെ സമസ്‌തിപൂരിലേക്കുള്ള വഴിയിൽ പാലക്കാടൻ ദൃശ്യഭംഗി തോന്നിപ്പിക്കും തരത്തിൽ ഇടതൂർന്ന് നിൽക്കുന്ന പനകൾ. ഇവയിൽ നിന്ന് ചെത്തിയെടുക്കുന്ന കള്ള് ഇവിടെ 'താഡി"എന്നറിയപ്പെടും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 2016ലെ മദ്യനിരോധനം നൂറ്റാണ്ടുകളായി കള്ളുചെത്ത് കുലത്തൊഴിലാക്കിയ ദളിത് വിഭാഗത്തിൽപ്പെട്ട പാസി സമുദായക്കാരുടെ വരുമാനം ഇല്ലാതാക്കി. ഭൂരിഭാഗവും മറ്റു ജോലികളിലേക്ക് തിരിഞ്ഞു. എന്നാൽ ഇപ്പോഴും രഹസ്യമായി കള്ളുചെത്തൽ തുടരുന്നവരുണ്ട്. കാരണം വിദേശ മദ്യം ലഭിക്കാത്തതിനാൽ കള്ളിന് നല്ല ഡിമാൻഡാണ്. ചെത്തുകാർ കുറവായതിനാൽ കൂലിയും കൂടുതൽ. കള്ള് ഗ്രാമത്തിൽ രഹസ്യ സ്ഥലങ്ങളിലുള്ള 'പാസി ഖാന"കളിലെത്തിക്കും (കള്ള് ഷാപ്പ്).
നിരോധനമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും എക്‌സൈസ്, പൊലീസ് സംഘത്തിന്റെ പിടിവീഴാം. അതുകൊണ്ട് രഹസ്യമായാണ് തൊഴിൽ. പനയിൽ കയറി ചെത്തുമ്പോഴോ, കള്ളുമായി വരുമ്പോഴോ പിടി വീഴാം. ഉപകരണങ്ങളും കണ്ടുകെട്ടും. എന്നാലും താഡിയും സുലഭമാണ്.
പ്രചാരണ വിഷയം
മദ്യനിരോധനത്തെ തുടർന്ന് പുളിപ്പിച്ച കള്ളിന്റെയും പുളിപ്പിക്കാത്ത നീരയുടെയും വിൽപനയും നിലച്ചു. കള്ള് ചെത്തിയിരുന്ന 20 ലക്ഷത്തോളം ആളുകളെ ഇത് ബാധിച്ചു. സാമ്പത്തികമായി പാസി വിഭാഗം തകർന്നു. 20 ശതമാനം വരുന്ന പാസി വിഭാഗത്തെ
കൈയിലെടുക്കാൻ വിഷയം ഏറ്റെടുത്തിരിക്കുകയാണ് ആർ.ജെ.ഡി. അധികാരത്തിലെത്തിയാൽ കള്ളിനെ മദ്യ നിരോധനത്തിൽ നിന്ന് ഒഴിവാക്കുമെന്നാണ് തേജസ്വി യാദവിന്റെ ഉറപ്പ്. ഈ മേഖലകളിലെ പ്രചാരണ യോഗങ്ങളിൽ പാർട്ടി ഇക്കാര്യം ആവർത്തിക്കുന്നു. മദ്യ നിരോധനം തുടരുമെന്ന് എൻ.ഡി.എ പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്‌ത മഹാസഖ്യ പ്രകടന പത്രികയിലും ഈ വാഗ്‌ദാനമുണ്ട്. ഏറെ അപകടകാരിയായ വ്യാജ മദ്യം സംസ്ഥാനത്ത് സുലഭമെന്നിരിക്കെ വീര്യംകുറഞ്ഞ കള്ളിന് അനുമതി നൽകണമെന്ന് മഹാസഖ്യം ആവശ്യപ്പെടുന്നു.
ബിഹാറിലെ ബങ്ക ജില്ലയാണ് പനങ്കള്ളിന് ഏറെ പ്രശസ്‌തം. ഇവിടെ ലഹരി കുറഞ്ഞ നീര വ്യാവസായികമായി ഉത്പാദിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ജില്ലയിൽ മാത്രം ഏകദേശം1,22,077 സാധാരണ പനയും 82,488 ഈന്തപ്പനകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |