
തിരുവനന്തപുരം: മുൻ തന്ത്രി കണ്ഠരര് രാജീവര് തിരിച്ചു നൽകാൻ തയ്യാറായ വാജി വാഹനത്തിന്റെ ആധികാരികത പരിശോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനായി തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തി. വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിച്ചശേഷം തിരിച്ചെടുത്താൽ മതിയെന്നാണ് തീരുമാനം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിനിടെയാണ് വാജി വാഹനം തിരിച്ചെടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടത്. സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ വാജി വാഹനത്തിന്റെ ആധികാരികതയിൽ പ്രശ്നമുണ്ടായാൽ വലിയ വിവാദത്തിന് വഴിവയ്ക്കുമെന്ന് ബോർഡ് ഭയപ്പെടുന്നു. ഇതിനായി രാജീവരരിൽ നിന്ന് വാങ്ങുന്ന വാജി വാഹനം വിദഗ്ധൻ പരിശോധിക്കും. അടിയന്തരമായി ഈ നടപടി പൂർത്തിയാക്കാനാണ് ബോർഡ് തിരുവാഭരണം കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിഷയം ഗൗരവമായി ചർച്ച ചെയ്തതായാണ് വിവരം.
പഴയ കൊടിമരം മാറ്റിക്കഴിയുമ്പോൾ അതിലെ വാജി വാഹനം കൈവശം വയ്ക്കാനുള്ള അവകാശം തന്ത്രിക്കാണ്. പഴയ കൊടിമരത്തിലെ വാജി വാഹനം മറ്റൊരു കൊടിമരത്തിൽ ഉപയോഗിക്കുന്നത് പാപമായതിനാലാണ് വാജിവാഹനം തന്ത്രിക്ക് അവകാശമായി നൽകുന്നതെന്ന് തന്ത്രി രാജീവര് വിശദീകരിച്ചിരുന്നു. ഇത് തന്ത്രി ആർക്കും കൈമാറാറില്ല. എന്നാൽ വാജി വാഹനം രാജീവര് മറ്റാർക്കോ കൈമാറിയതായി ആരോപണം ഉയർന്നിരുന്നു.
വാജി വാഹനം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് രാജീവര് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കത്ത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |