
തിരുവനന്തപുരം : ചെറിയ വീടുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ ഇളവ് അനുവദിച്ചുകൊണ്ട് കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തി. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരമാവധി രണ്ട് സെന്റിൽ 100 ചതുരശ്ര മീറ്ററിൽ കൂടാത്ത വീടുകൾക്കാണ് നേട്ടം.
വീതി മൂന്ന് മീറ്ററിൽ കുറഞ്ഞതും വിജ്ഞാപനം ചെയ്യാത്തതുമായ റോഡിൽ നിന്നു ഈ നിർമ്മാണത്തിനുള്ള ദൂരപരിധി ഒരു മീറ്ററായി നിജപ്പെടുത്തി. നിലവിൽ രണ്ട് മീറ്ററായിരുന്നു.
ഇത്തരം ഭൂമിയിലുള്ള ചെറുകിട സംരംഭങ്ങൾക്കും ഈ വീടുകൾക്ക് തുല്യമായ ഇളവ് നൽകി. ഇതോടെ 100ചതുരശ്ര മീറ്ററിൽ ഫ്‌ളോർ മിൽ, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ബേക്കറി എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
300ചതുരശ്ര മീറ്റർ വരെയുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് എന്നിവയ്ക്കും താമസ കെട്ടിടങ്ങൾക്ക് സമാനമായ ഇളവുകൾ ലഭിക്കും. ആകെയുള്ള 117ചട്ടങ്ങളിൽ, 53 എണ്ണത്തിലും ഭേദഗതി വരുത്തിയെന്നും ഒരു ചട്ടം ഒഴിവാക്കി, രണ്ടെണ്ണം കൂട്ടിച്ചേർത്തെന്നും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14അംഗ കമ്മിറ്റിയാണ് കരട് ചട്ട ഭേദഗതി തയ്യാറാക്കിയത്.
പെർമിറ്റ് ഫീസും പിഴയും കുറച്ചു
പെർമിറ്റ് കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് പകുതിയായി കുറച്ചതാണ് മറ്റൊരു പ്രധാന ഭേദഗതി. 10 വർഷത്തിനു ശേഷം പെർമിറ്റ് ദീർഘിപ്പിക്കേണ്ടി വന്നാൽ നിലവിലെ പെർമിറ്റ് ഫീസിന്റെ ഇരട്ടി അടക്കേണ്ടി വന്നിരുന്നതാണ് പകുതിയായി കുറച്ചത്. പെർമിറ്റ് മറികടന്ന് നിർമ്മാണം നടത്തിയാൽ റൈഗുലറൈസ് ചെയ്യുന്നതിനുള്ള പിഴയും കുറച്ചു. നിലവിൽ 300ചതുരശ്ര മീറ്ററുള്ള വീടിന് പെർമിറ്റ് എടുത്ത ശേഷം 350 ചതുരശ്രമീറ്ററിൽ നിർമ്മാണം നടത്തിയാൽ. റഗുലറൈസ് ചെയ്യാൻ 350ചതുരശ്രമീറ്ററിനും പെർമിറ്റ് ഫീസിന്റെ ഇരട്ടി പിഴയായി അടയ്ക്കണമായിരുന്നു. പുതിയ ഭേദഗതിയോടെ അധികമായി നിർമ്മിച്ച 50ചതുരശ്ര മീറ്ററിന് മാത്രം പിഴ അടച്ചാൽ മതി.
പെർമിറ്റ് കൈമാറ്റം വേഗത്തിൽ
കെട്ടിട നിർമ്മാണത്തിന് പെർമ്മിറ്റ് എടുത്ത ശേഷം ആ സ്ഥലത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാൽ (വിൽപ്പന, ദാനം, റോഡിന് വിട്ടുനൽകൽ) അനുവദിച്ച പെർമിറ്റ് റദ്ദാകില്ല.
ഭൂമിയുടെ ഒരു ഭാഗം മറ്റൊരാൾക്ക് കൈമാറിയാലും ബാക്കി സ്ഥലത്ത്, പെർമിറ്റ് പ്രകാരം കെട്ടിടം നിർമ്മിക്കുമ്പോൾ ചട്ടലംഘനമില്ലെങ്കിൽ പെർമ്മിറ്റ് നിലനിൽക്കും.
കാലഹരണപ്പെട്ട ചട്ടങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിയലിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിയ്ക്ക് സർക്കാർ തയ്യാറായത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനൊപ്പം ഈസ് ഓഫ് ലിവിംഗും മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതികൾ.-എം.ബി.രാജേഷ്
തദ്ദേശ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |