
തിരുവനന്തപുരം:നൂറു കിലോ നെല്ല് സംഭരിച്ചാൽ അത് സംസ്കരിച്ച് 68 കിലോ അരി സപ്ളൈകോയ്ക്ക് നൽകണമെന്ന മാനദണ്ഡം നഷ്ടംവരുത്തുവെന്ന മില്ലുടമകളുടെ പരാതിക്ക് സർക്കാർ പരിഹാരം കാണും.
2022-23 സംഭരണ വർഷം ഈ ഔട്ട് ടേൺ റേഷ്യോ പ്രകാരം നഷ്ടമുണ്ടായ 63.37 കോടി രൂപ അനുവദിക്കുന്നത് മന്ത്രിസഭ പരിഗണിക്കും. കർഷകരിൽ നിന്നുള്ള നെല്ല് സംഭരണം മുടങ്ങിയ പശ്ചാത്തലത്തിൽ മില്ലുടമകളുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പാലക്കാട് മേഖലയിലെ നെല്ലിൽ നിന്ന് 68 കിലോ അരി കിട്ടാറുണ്ടെങ്കിലും കുട്ടനാടൻ മേഖലയിലെ നെല്ലിൽ നിന്ന് അതു കിട്ടാറില്ലെന്നാണ് മില്ലുടമകളുടെ നിലപാട്. പരമാവധി 64 കിലോയാണ് കിട്ടുന്നതെന്ന് അവർ പറയുന്നു.
കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേൺ റേഷ്യോയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. മില്ലുടമകൾക്ക് നഷ്ടം ഉണ്ടാവുകയാണെങ്കിൽ സംസ്ഥാന സർക്കാർ ധനസഹായം നൽകുന്നതിൽ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2025-26 സംഭരണവർഷം മുതൽ ഔട്ട് ടേൺ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സർക്കാർ കൈക്കൊള്ളും.
കുട്ടനാട്ടിലെ നെല്ല് വള്ളങ്ങളിലും തലച്ചുമടായും കൊണ്ടുവന്നാണ് ലോറിയിൽ കയറ്റി കൊണ്ടുപോകുന്നത്.
ഈ കൈകാര്യചെലവും അനുവദിച്ചു നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂർണമായും മില്ലുടമകൾക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ ജി .ആർ അനിൽ, കെ .എൻ ബാലഗോപാൽ, വി .എൻ വാസവൻ, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ .ആർ ജ്യോതിലാൽ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം .ജി രാജമാണിക്യം, മില്ലുടമന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ഇതേ വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കൊച്ചിയിൽ യോഗം ചേർന്നെങ്കിലും മില്ലുടമകളെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും യോഗം അവസാനിപ്പിക്കുകയുമായിരുന്നു.
ജി.എസ്.ടിക്ക്
നോട്ടീസ് അയയ്ക്കില്ല
സംസ്കരിച്ച നെല്ലിനുള്ള ജി.എസ്.ടി ഈടാക്കാൻ മില്ലുടമകൾക്ക് ഇനി നോട്ടീസ് അയയ്ക്കില്ലെന്ന് യോഗത്തിൽ സർക്കാർ വ്യക്തമാക്കിയതായി മില്ലുടമകൾ പറഞ്ഞു. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇത്. സപ്ളൈക്കോയ്ക്ക് വേണ്ടി തങ്ങൾ നെല്ല് സംസ്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ പേരിലുള്ള ജി.എസ്.ടി സപ്ളൈക്കോയാണ് അടയ്ക്കേണ്ടതെന്നുമാണ് മില്ലുകാരുടെ നിലപാട്. പല മില്ലുകാർക്കും ജി.എസ്.ടി കുടിശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മൂന്ന് കോടി വരെ കുടിശികയാണ് ചിലർക്കുള്ളത്. നോട്ടീസ് ലഭിച്ചവരുടെ കുടിശിക വിഷയത്തിൽ നിയമപരമായി എന്തു ചെയ്യാമെന്ന് പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ഉടമകൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |